സ്ഥാനാർഥി നിർണയ ചർച്ച സജീവം; പകുതി സീറ്റുകളിൽ ചിത്രം തെളിഞ്ഞു
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് അങ്കത്തട്ട് ഉണർന്നതോടെ സംസ്ഥാനത്ത് പകുതി സീറ്റുകളിൽ ചിത്രം തെളിഞ്ഞു. പ്രഖ്യാപനമുണ്ടായത് രണ്ടിടത്ത് മാത്രമെങ്കിലും മിക്കയിടങ്ങളിലും ധാരണയായിട്ടുണ്ട്. യു.ഡി.എഫിൽ മിക്കവാറും ഇടങ്ങളിൽ സിറ്റിങ് എം.പിമാർ തന്നെയാകും സ്ഥാനാർഥി. മുതിർന്ന നേതാക്കളെ ഇറക്കി സീറ്റ് പിടിക്കാനൊരുങ്ങുന്ന സി.പി.എമ്മിൽ ജില്ലതലങ്ങളിൽ സ്ഥാനാർഥി നിർണയ ചർച്ച അവസാന ഘട്ടത്തിലാണ്.
ആറ്റിങ്ങലിൽ കോൺഗ്രസിലെ സിറ്റിങ് എം.പി അടൂർ പ്രകാശിനെ നേരിടുന്നത് സി.പി.എം ജില്ല സെക്രട്ടറിയും വർക്കല എം.എൽ.എയുമായ വി. ജോയിയാകും. ബി.ജെ.പിക്കു വേണ്ടി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തിറങ്ങും. കൊല്ലത്ത് ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രന്റെ തുടർച്ചയായ മൂന്നാം ജയം തടയാൻ സി.പി.എമ്മിനായി ഇറങ്ങുക സിറ്റിങ് എം.എൽ.എ മുകേഷ് ആണ്.
ചിത്രം തെളിഞ്ഞ മറ്റൊരു മണ്ഡലം പത്തനംതിട്ടയാണ്. കോൺഗ്രസിന്റെ ആന്റോ ആന്റണിയിൽനിന്ന് സീറ്റ് പിടിച്ചെടുക്കാൻ സി.പി.എം നിയോഗിക്കുന്നത് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനെയാണ്. ഇവിടെ ബി.ജെ.പിക്ക് വേണ്ടി കെ. സുരേന്ദ്രൻ മത്സരിക്കാനാണ് സാധ്യത. കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുകയാണ് കോട്ടയത്ത്. യു.ഡി.എഫിനായി ഫ്രാൻസിസ് ജോർജും എതിരാളി തോമസ് ചാഴികാടനും സജീവമായിക്കഴിഞ്ഞു.
ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂരിൽ കോൺഗ്രസിലെ ടി.എൻ. പ്രതാപനെ സി.പി.ഐയിലെ മുൻമന്ത്രി വി.എസ്. സുനിൽ കുമാറും ബി.ജെ.പിയുടെ താര സ്ഥാനാർഥി സുരേഷ് ഗോപിയുമാണ് നേരിടുക. വടകരയിൽ കെ. മുരളീധരനെതിരെ മുൻമന്ത്രി കെ.കെ. ശൈലജയും കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താനെതിരെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണനും ഇറങ്ങാനാണ് സാധ്യത. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിൽനിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ സി.പി.എം സ്വതന്ത്രനായി ജോയ്സ് ജോർജ് ഒരിക്കൽക്കൂടി വരും.
പാലക്കാട്ട് വി.കെ. ശ്രീകണ്ഠനെതിരെ സി.പി.എം പി.ബി അംഗം എ. വിജയരാഘവൻ വരുമ്പോൾ ആലത്തൂരിൽ രമ്യ ഹരിദാസനെതിരെ മന്ത്രി കെ. രാധാകൃഷ്ണനാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി, തിരുവനന്തപുരത്ത് ശശി തരൂർ, എറണാകുളത്ത് ഹൈബി ഈഡൻ, ചലക്കുടിയിൽ ബെന്നി ബഹനാൻ, കോഴിക്കോട്ട് എം.കെ രാഘവൻ എന്നിവർ കോൺഗ്രസ് സ്ഥാനാർഥിത്വം ഉറപ്പിച്ചിട്ടുണ്ട്.
പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീർ, മലപ്പുറത്ത് അബ്ദുസ്സമദ് സമദാനിയും ഉറപ്പാണെങ്കിലും നേരിടാൻ സ്വതന്ത്രനെ തേടുകയാണ് സി.പി.എം. ആലപ്പുഴയിൽ കോൺഗ്രസിൽ ആരെന്നത് ഇനിയും വ്യക്തമായിട്ടില്ല. സി.പി.എമ്മിനുവേണ്ടി സിറ്റിങ് എം.പി ആരിഫ് തന്നെ ഇറങ്ങും. കണ്ണൂരിൽ ജില്ല സെക്രട്ടറി എം.വി. ജയരാജനെ ഇറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.