ഏറെയും രാഷ്ട്രീയ വിശദീകരണങ്ങൾ; മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തിയത് എ.കെ.ജി സെൻററിൽ
text_fieldsതിരുവനന്തപുരം: പതിവിൽനിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വാർത്തസമ്മേളനം നടത്തിയത് സി.പി.എം ആസ്ഥാനമായ എ.കെ.ജി സെൻററിൽനിന്ന്. മുമ്പ് സെക്രേട്ടറിയറ്റ്, ക്ലിഫ് ഹൗസ് എന്നിവിടങ്ങളിലായിരുന്നു വാർത്തസമ്മേളനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് മാറ്റം.
വാർത്തസമ്മേളനം സംബന്ധിച്ച അറിയിപ്പ് വന്നതും പാർട്ടി ഒാഫിസിൽനിന്നായിരുന്നു. അദ്ദേഹത്തിന് പിന്നിൽ സി.പി.എം ബോർഡും കാണാമായിരുന്നു. രാഷ്ട്രീയമായ വിശദീകരണമായിരുന്നു ഒാൺലൈനായി നടത്തിയ വാർത്തസമ്മേളനത്തിലേറെയും.
എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാർ ബി.ജെ.പിയിലേക്ക് കൂട്ടത്തോടെ പോകുന്നതെന്ന് മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ക്ക് നന്നായി അറിയാമെന്നും അത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും പ്രചരിപ്പിക്കുന്നത് പോലെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 'എൽ.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ കോണ്‍ഗ്രസ് തകരും, കോണ്‍ഗ്രസ് തകര്‍ന്നാല്‍ കോണ്‍ഗ്രസുകാരെല്ലാം ബി.ജെ.പിയില്‍ പോകും, അത് തടയാന്‍ യു.ഡി.എഫിനെ ജയിപ്പിക്കണം' എന്ന പ്രചാരണമാണ് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ചേര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടത്തുന്നത്.
ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന കക്ഷിയാണ് കോണ്‍ഗ്രസ്. അതിെൻറ നേതാക്കള്‍തന്നെ തോറ്റാല്‍ തങ്ങൾ ബി.ജെ.പിയില്‍ ചേര്‍ന്നുകളയുമെന്ന് വിലപിക്കുകയാണ്. ഇത് ഇവിടത്തെ മതന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള അപഹാസ്യമായ നാടകമാണ്.
തോറ്റാലല്ല, ജയിച്ചാലാണ് എം.എൽ.എമാര്‍ ബി.ജെ.പിയില്‍ പോകുകയെന്ന് രാഹുല്‍ഗാന്ധി തന്നെ തിരുത്തിയത് നാം ഓര്‍ക്കണം. പ്രലോഭനങ്ങള്‍ക്ക് വഴങ്ങി കോണ്‍ഗ്രസുകാര്‍ ഏതു നിമിഷവും ബി.ജെ.പിയില്‍ പോകുമെന്ന അനുഭവം എത്ര വേണമെങ്കിലും പറയാന്‍ കഴിയും. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഈ പ്രചാരണം ഏറ്റെടുത്തിരിക്കുന്നു. ഇത്തരം പ്രചാരണം കൊണ്ട് മതന്യൂനപക്ഷങ്ങളെ വഞ്ചിക്കാമെന്ന വ്യാമോഹം വേണ്ട.
ആക്രമണോത്സുകമായ ഹിന്ദുവര്‍ഗീയതയുടെ ആപത്ത് നിരന്തരം നേരിടുന്നവരാണ് അവര്‍. കേന്ദ്രഭരണവും ബി.ജെ.പിയുടെ നേതൃത്വത്തിലെ സംസ്ഥാന സര്‍ക്കാറുകളും മതന്യൂനപക്ഷങ്ങളെ ൈകെയാഴിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവര്‍ സുരക്ഷിതരല്ല. ഇടതുപക്ഷത്തിന് ഭരണമുള്ള കേരളത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കുറച്ചെങ്കിലും സ്വാധീനമുള്ള സംസ്ഥാനങ്ങളിലുമാണ് മതന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നത്.
ബി.ജെ.പിയുടെ തീവ്രവര്‍ഗീയതയെ പ്രതിരോധിക്കുന്ന ഏക സംസ്ഥാന സര്‍ക്കാറിനെതിരെ പ്രചാരണം നടത്തുന്നവര്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്? മതനിരപേക്ഷതയോട് പ്രതിബദ്ധതയോ വര്‍ഗീയതയോട് എതിര്‍പ്പോ ഇല്ലാത്ത നയം സ്വീകരിക്കുന്നതാണ് കോണ്‍ഗ്രസിെൻറ തകര്‍ച്ചക്ക് കാരണമെന്നും പിണറായി പറഞ്ഞു.
ആർ.എസ്.എസുമായി ചർച്ചക്ക് പോയത് തലയിൽ മുണ്ടിട്ടിട്ടല്ല. രാഷ്ട്രീയവൈരം ഒഴിവാക്കാനായിരുന്നു ചർച്ച. ഒന്നും മറച്ചുവെച്ചിട്ടില്ല. സമാധാനം പുനഃസ്ഥാപിക്കുക എന്ന സദുദ്ദേശ്യമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ സ്വാഭാവിക നടപടി അക്കാര്യത്തിൽ സ്വീകരിച്ചുവെന്നുമാത്രം. കോ-ലീ-ബി സഖ്യം പോലെ രാഷ്ട്രീയകച്ചവടത്തിന് തലയില്‍ മുണ്ടിട്ട് പോയവര്‍ ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.