മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മ കുറ്റവിമുക്ത; അംഗീകരിച്ച് കോടതി
text_fieldsതിരുവനന്തപുരം: കടയ്ക്കാവൂരിൽ പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നുകാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ.വി. രജനീഷിേൻറതാണ് ഉത്തരവ്.
പീഡന പരാതി വ്യാജമാണെന്നുകാട്ടി 2021 ജൂൺ 16നാണ് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് അംഗീകരിക്കുന്നതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ഹരജികൂടി പരിഗണിച്ച ശേഷമാണ് ഉത്തരവിറക്കിയത്. കുട്ടിയെ വിശദമായ വൈദ്യപരിശോധനക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രത്യേക മെഡിക്കൽ സംഘമാണ് വൈദ്യപരിശോധന നടത്തിയത്. പരിശോധനയിൽ പീഡനം നടന്നതിെൻറ തെളിവുകൾ ലഭിച്ചില്ല.
അമ്മക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘം കേസ് അവസാനിപ്പിക്കാൻ റിപ്പോർട്ട് സമർപ്പിച്ചത്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന മകെൻറ പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കേസെടുത്തത്. 2020 ഡിസംബർ 28ന് അമ്മയെ അറസ്റ്റ് ചെയ്‍തു. വ്യക്തിവിരോധത്താൽ മുൻ ഭർത്താവാണ് മകനെക്കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിപ്പിച്ചതെന്നായിരുന്നു അമ്മയുടെ വാദം.
കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടും പോക്‌സോ കോടതി നടപടി എടുക്കാത്തതിനാൽ അമ്മ ഹൈകോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി കേസ് വേഗത്തിൽ അവസാനിപ്പിക്കണമെന്ന ഉത്തരവ് പോക്‌സോ കോടതിക്ക് നൽകി. സർക്കാറിനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജെ.കെ. അജിത് പ്രസാദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.