സഹായ അഭ്യർഥനയിലെ അക്കൗണ്ട് നമ്പർ തിരുത്തി തട്ടിപ്പ്; അമ്മയും മകളും അറസ്റ്റിൽ
text_fieldsകൊച്ചി: കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരിക്ക് ധനസഹായത്തിന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലെ അക്കൗണ്ട് നമ്പർ തിരുത്തി ചാരിറ്റി തട്ടിപ്പ് നടത്തിയ കേസിൽ അമ്മയും മകളും അറസ്റ്റിൽ. എരൂരിലെ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്ന പാലാ ഓലിക്കൽ വീട്ടിൽ മറിയാമ്മ സെബാസ്റ്റ്യൻ (59), അനിത ടി. ജോസഫ്(29) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ പ്രധാന പ്രതി ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന ഇവരുടെ മകൻ അരുണിനെ പൊലീസ് തിരയുന്നുണ്ട്.
രായമംഗലം സ്വദേശിയായ പ്രവീൺ മന്മഥൻ എന്നയാളുടെ മകളുടെ ചികിത്സക്ക് ചാരിറ്റി പ്രവർത്തകനായ ഫറൂക്ക് ചെർപ്പുളശ്ശേരി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ഇവർ തിരുത്തി സ്വന്തം അക്കൗണ്ട് നമ്പറും ഗൂഗ്ൾ പേ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ധനസമാഹരണം നടത്തിയത്. ഫേസ്ബുക്കിൽ ഈ പോസ്റ്റ് കണ്ട് സംശയം തോന്നിയ ഡോക്ടർ ഇക്കാര്യം പ്രവീണിെൻറ ശ്രദ്ധയിൽപെടുത്തിയതോടെ ചേരാനല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ ഈ അക്കൗണ്ടിൽ വന്ന ഒരുലക്ഷം രൂപ പ്രതികൾ പിൻവലിച്ചതായി കണ്ടെത്തി. സാമൂഹ മാധ്യമങ്ങളിലെ പോസ്റ്റിലൂടെ വൻ തുകയാണ് മറിയാമ്മയുടെ അക്കൗണ്ടിൽ എത്തിയത്. ഇത് അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അടുത്തിടെ നടന്ന പണമിടപാട് വിവരങ്ങൾ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ ചിത്രത്തോടൊപ്പം ചേർത്തിരുന്ന അക്കൗണ്ട്, ഗൂഗിൾ പേ നമ്പറുകളിൽ സംശയം തോന്നിയ ഡോക്ടർ ശ്രദ്ധയിൽപെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
മറിയാമ്മ പാലാ കിഴതടിയൂർ സഹകരണ ബാങ്കിൽ 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിലെ പ്രതിയാണ്. പൊലീസ് തിരയുന്ന മകൻ അരുൺ വ്യാജനോട്ട് കേസിലെ പ്രതിയാണ്. 2018ലാണ് ഈ കേസ്. പാലായിൽ സിവിൽ സ്റ്റേഷനുസമീപം ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുൺ 2000 രൂപയുടെ കളർ പകർപ്പുകൾ എറണാകുളത്തെയടക്കം സി.ഡി.എം.എ മെഷീനുകളിൽ നിക്ഷേപിച്ച് പണം പിൻവലിച്ചിരുന്നു. വ്യാജ നോട്ട് തിരിച്ചറിയുകയും അന്വേഷണത്തിൽ അരുൺ പിടിയിലാകുകയും ചെയ്തു. അന്ന് കിഴതടിയൂർ സഹകരണ ബാങ്കിലെ കാഷ്യറായ മറിയാമ്മ വരാതിരുന്നതോടെ സംശയം തോന്നിയ അധികൃതർ ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് 50 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയത്.
എറണാകുളം സെൻട്രൽ എ.സി.പി ലാൽജിയുടെ നേതൃത്വത്തിെല അന്വേഷണസംഘത്തിൽ സി.ഐ വിപിൻകുമാർ, എസ്.ഐ സന്തോഷ്മോൻ, എ.എസ്.ഐ വി.എ. ഷുക്കൂർ, പി.പി. വിജയകുമാർ, സീനിയർ സി.പി.ഒ സിഗോഷ്, പോൾ, ഷീബ, സി.പി.ഒമാരായ പ്രശാന്ത് ബാബു, ഷിയ, ജിനി, ജാൻസി എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.