പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച മാതാവ് അറസ്റ്റിൽ
text_fieldsചാരുംമൂട്: ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന മാതാവ് ഭിന്നശേഷി ദിനത്തിൽ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് മാമ്പ്ര മുറിയിൽ ഇടമുറി കിഴക്കതിൽ രഞ്ജിതയെയാണ് (27) നൂറനാട് സി.ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ കുഞ്ഞിനെ നവംബർ 13നാണ് രഞ്ജിത ഉപേക്ഷിച്ചുപോയത്. താമരക്കുളം സ്വദേശിയായ യുവാവുമായി പ്രണയിച്ച് വിവാഹം കഴിച്ച രഞ്ജിത രണ്ടുവർഷം മുമ്പ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. അതിൽ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചു. ഒരു കുഞ്ഞിന് ജന്മനാ ജനിതക വൈകല്യം മൂലമുള്ള രോഗം കാരണം ചികിത്സയിലായിരുന്നു. ഭർത്താവ് വിദേശത്തായതിനാൽ ഭർത്താവിന്റെ പിതാവിനോടും മാതാവിനോടും ഒപ്പമാണ് രഞ്ജിത താമസിച്ചിരുന്നത്. കുഞ്ഞിനെ കഴിഞ്ഞ 13ന് രാത്രി എട്ടിന് ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് കുഞ്ഞിനെ ഭർത്താവിന്റെ മാതാവും പിതാവുമാണ് സംരക്ഷിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും മറ്റും ചികിത്സയും നൽകി.
ഇതിനിടെ മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിലായതിനാൽ രഞ്ജിതയെ വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും ഇവർ എത്തിയില്ല. തുടർന്നായിരുന്നു പൊലീസിൽ പരാതി നൽകിയത്. പരാതിയെത്തുടർന്ന് പൊലീസ് ബാലനീതി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിനെ സംരക്ഷിക്കണമെന്ന പൊലീസ് നിർദേശവും രഞ്ജിത നിരസിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.