പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു, കുട്ടികളെ മദ്യം കഴിക്കാൻ പ്രേരിപ്പിച്ചു; കുറുപ്പംപടി കേസിൽ മാതാവ് അറസ്റ്റിൽ
text_fieldsപെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായ സംഭവത്തിൽ മാതാവിനെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതി കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് മാതാവിന്‍റെ സമ്മതത്തോടെയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. വെള്ളിയാഴ്ച ഉച്ചയോടെ സ്‌റ്റേഷനിൽ എത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്തശേഷം രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികള്‍ അധ്യാപികയോട് പീഡനവിവരങ്ങൾ പറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തിലധികം നീണ്ട പീഡനം അമ്മയുടെ അറിവോടെ ആയിരുന്നെന്നാണ് കണ്ടെത്തൽ. പ്രതിയും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്.
കുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇവരുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. പീഡനത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ആദ്യം അമ്മയുടെ മൊഴി. എന്നാൽ, വിവരം അറിഞ്ഞിട്ടും പൊലീസിനെയോ മറ്റ് നിയമസംവിധാനങ്ങളെയോ അറിയിക്കാൻ ഇവർ തയാറായില്ലെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യലിന് കുറുപ്പംപടി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
കുട്ടികളെ മദ്യം കഴിക്കാൻ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കുട്ടികളുടെ രഹസ്യ മൊഴി പൊലീസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി.
അച്ഛന് അസുഖമായപ്പോൾ സഹായിയായെത്തി, മരിച്ചപ്പോൾ മക്കളെ നിരന്തരം ബലാത്സംഗം ചെയ്തു
അച്ഛന് വയ്യാതായപ്പോൾ സഹായിയുടെ വേഷത്തിൽ വീട്ടിൽ കയറിക്കൂടിയ ടാക്‌സി ഡ്രൈവർ അയ്യമ്പുഴ സ്വദേശി ധനേഷ് ഒടുവിൽ പിച്ചിച്ചീന്തിയത് പറക്കമുറ്റാത്ത പെൺമക്കളുടെ അഭിമാനവും ജീവിതവും. എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
മൂന്നുവർഷം മുമ്പ് കുട്ടികളുടെ അച്ഛൻ അസുഖബാധിതനായപ്പോൾ ടാക്‌സി ഡ്രൈവറായിരുന്ന ധനേഷിന്റെ വാഹനത്തിലായിരുന്നു ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നത്. അങ്ങനെ കുടുംബവുമായി കൂടുതൽ അടുത്ത പ്രതി, രണ്ടുവർഷം മുമ്പ് അച്ഛന്റെ മരണശേഷമാണ് തനിസ്വരൂപം പുറത്തെടുത്തത്. മരണശേഷം ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഇയാൾ എത്തും. രണ്ടാനച്ഛന്‍ എന്ന രീതിയിലായിരുന്നു കുട്ടികളോട് ധനേഷിന്റെ പെരുമാറ്റം. ഇതിന്റെ മറവിൽ കുട്ടികളെ രണ്ടുപേരെയും ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2023 ജൂൺ മുതൽ കഴിഞ്ഞ ഫെബ്രുവരി വരെയാണ് ഇരുവരും പീഡനത്തിനിരയായത്.
പിന്നീട്, ഈ കുട്ടികളുടെ സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ കണ്ടതോടെ ഇവരെയും വീട്ടിലേക്ക് എത്തിക്കണമെന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങേണ്ടിവന്ന കുട്ടികള്‍ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് സഹപാഠിക്ക് നല്‍കിയ കത്ത് അധ്യാപികക്ക് ലഭിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.