‘മകൾ, മമ്മീന്ന് വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിച്ചു; യമൻ രാജ്യത്തിന് നന്ദി’ -നിമിഷ പ്രിയയുടെ അമ്മ
text_fieldsകോഴിക്കോട്: യമനിലെ ജയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയും അമ്മ പ്രേമകുമാരിയും തമ്മിൽ 12 വർഷത്തിന് ശേഷം നടന്ന കൂടിക്കാഴ്ച ഏറെ വികാരനിർഭരം. മകളെ കണ്ടുവെന്നും മമ്മീ എന്ന് വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിച്ചെന്നും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു.
മകളെ കാണാൻ കഴിയില്ലെന്നാണ് വിചാരിച്ചത്. എന്‍റെ മകളെ എന്ന് വിളിച്ച് ഞാൻ കരഞ്ഞുപോയി. അവളും കരഞ്ഞു, മമ്മി കരയരുതെന്ന് പറഞ്ഞു. കല്യാണത്തിന് ശേഷം ആദ്യമായാണ് മകളെ കാണുന്നത്.
യമൻ രാജ്യത്തിന് നന്ദി. അധികൃതരുടെ കൃപയാൽ മകൾ സുഖമായിരിക്കുന്നു. ഭക്ഷണം കൊണ്ടുവന്നപ്പോൾ പരസ്പരം വിളമ്പിക്കഴിച്ചു. സഹതടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും മകൾ പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു.
ജയിലിൽ നിമിഷപ്രിയയെ കാണാനും സംസാരിക്കാനും അധികൃതർ പ്രത്യേക സ്ഥലം നൽകി. പിന്നാലെ നിമിഷയെ എത്തിച്ചു. ഏറെ വികാരനിർഭരമായിരുന്നു നിമിഷയും അമ്മയും തമ്മിലുള്ള കൂടിച്ചേരൽ. നിമിഷക്കൊപ്പം സമയം ചെലവഴിക്കാനും ജയിൽ അധികൃതർ അനുവദിച്ചു. അവർക്ക് ഉച്ചഭക്ഷണം വാങ്ങി അകത്തേക്ക് കൊടുത്തയച്ചു. ഇരുവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ജയിലിനുള്ളിൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു -സാമുവൽ ജെറോം വ്യക്തമാക്കി.
സേവ് നിമിഷപ്രിയ ഫോറം പ്രതിനിധി സാമുവൽ ജെറോമിനും ഇന്ത്യൻ എംബസി ജീവനക്കാർക്കൊപ്പമാണ് പ്രേമകുമാരി ഇന്നലെ സൻആയിലെ ജയിലിലെത്തിയത്. നിമിഷയുടെ മോചനകാര്യത്തിൽ ഇടപെടാനും സ്വാധീനിക്കാനും കഴിയുന്ന വ്യക്തികളെ ഉപയോഗിച്ച് ഗോത്രത്തലവന്മാരുമായുള്ള ചർച്ചയാണ് ഇനി നടക്കുക. കൂടാതെ, കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.