മാതാവ് പുഴയിലെറിഞ്ഞ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി
text_fieldsപുലാമന്തോൾ: ഏലംകുളം മപ്പാട്ടുകര റെയിൽവേ പാലത്തിൽനിന്ന് മാതാവ് പുഴയിലെറിഞ്ഞ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. കട്ടുപ്പാറ ഇട്ടക്കടവ് തടയണ പരിസരത്ത് പ്രഭാകടവിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുഴയിൽ മീൻ പിടിക്കാനെത്തിയവരാണ് കണ്ടെത്തിയത്. കരയോട് ചേർന്ന ഭാഗത്ത് ചപ്പുചവറുകൾക്കടുത്ത് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു.
പെരിന്തൽമണ്ണ പൊലീസും അഗ്നിരക്ഷസേനയും സ്ഥലത്തെത്തി. പ്രാഥമിക നടപടികൾക്കു ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി 11നും 12നുമിടയിൽ 11 ദിവസം പ്രായമായ നവജാത ശിശുവിനെ പാലത്തോൾ സ്വദേശിയായ യുവതി മപ്പാട്ടുകര റെയിൽവേ പാലത്തിൽനിന്ന് പുഴയിലെറിയുകയായിരുന്നെന്ന് പറയപ്പെടുന്നു. രാത്രി അസമയത്ത് യുവതിയെ കണ്ടവർ ചോദ്യം ചെയ്തതോടെയാണ് വിവരമറിയുന്നത്.
ഉടൻതന്നെ നാട്ടുകാർ പുഴയിലിറങ്ങി തിരഞ്ഞിരുന്നു. രാത്രി 12.30ന് പെരിന്തൽമണ്ണ, മലപ്പുറം അഗ്നിരക്ഷസേന യൂനിറ്റ്, സിവിൽ ഡിഫൻസ് എന്നിവരും തിരച്ചിലിൽ പങ്കു ചേർന്നു. തൊട്ടടുത്ത ദിവസങ്ങളിൽ കൂടുതൽ അംഗങ്ങളെത്തി വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരച്ചിൽ വ്യാപകമാക്കിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനാവാതെ പിന്തിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.