മന്ത്രവാദത്തിന്റെ പേരിൽ നഗ്നപൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്ന് യുവതി; ഭർതൃമാതാവ് പിടിയിൽ
text_fieldsചടയമംഗലം: മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്നപൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർതൃമാതാവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം നെട്ടേത്തറ ശ്രുതിയിൽ ലൈഷ (60) യാണ് അറസ്റ്റിലായത്. മന്ത്രവാദി നിലമേൽ ചേറാട്ടുകുഴി സ്വദേശി അബ്ദുൽ ജബ്ബാർ (46), സഹായി സിദ്ദിഖ് (37), യുവതിയുടെ ഭർത്താവ് ഷാലു (36), സഹോദരി ശ്രുതി അടക്കം നാലുപേർ ഒളിവിലാണ്. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് പറഞ്ഞു. ഷാലുവിന്റെ ഭാര്യയായ 26കാരിയുടെ പരാതിയിലാണ് കേസെടുത്തത്.
പരാതിയിൽ പറയുന്നത് ഇങ്ങനെ: ഷാലുവിന്‍റെ സഹോദരിയുടെ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയ അബ്ദുൽ ജബ്ബാറാണ് മന്ത്രവാദം ചെയ്തത്. യുവതിക്ക് കടുത്ത ശത്രുദോഷം ഉണ്ടെന്നും മന്ത്രവാദത്തിലൂടെ മാറ്റണമെന്നും പറഞ്ഞ് ഭർത്താവിന്‍റെയും മാതാവിന്‍റെയും ഒത്താശയോടെയായിരുന്നു കർമങ്ങൾ. പിന്നാലെ മാനസിക, ശാരീരിക പീഡനങ്ങളും ആരംഭിച്ചു. ഇവരെ ബീമാപള്ളി, നാഗൂർ, ഏർവാടി, കൊടുങ്ങല്ലൂർ, തേനി എന്നിവിടങ്ങളിലേക്കൊക്കെ പരിഹാര ക്രിയക്കെന്നവണ്ണം കൊണ്ടുപോയി. ഏർവാടിയിൽ വെച്ചാണ് നഗ്നപൂജ ചെയ്യണമെന്നാവശ്യപ്പെട്ടത്. ഈ സമയം പൂജക്കെത്തിച്ച മറ്റൊരു പെൺകുട്ടി നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ബഹളംവെച്ചു.
തിരിച്ചുപോകണമെന്ന് പറഞ്ഞപ്പോള്‍, പരാതിക്കാരിയെയും നിര്‍ബന്ധിച്ച് പൂജക്കിരുത്താന്‍ ശ്രമിച്ചു. ഇതിനിടെ പരാതിക്കാരി രക്ഷപ്പെടുകയായിരുന്നു. പിന്നീട് യുവതി ആറ്റിങ്ങലിലെ സ്വന്തം വീട്ടിലേക്ക് മാറി. ഇവിടെയെത്തിയ അബ്ദുൽ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള സംഘം സഹോദരനെ ആക്രമിച്ചു. ഇതുസംബന്ധിച്ച് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ല. സാരമായി പരിക്കേറ്റ സഹോദരനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞതിനാൽ ഇവർ പരാതി നൽകിയില്ല. പിന്നീട് ഇരുകൂട്ടരും തമ്മിൽ ബന്ധമില്ലായിരുന്നു. ഇവർക്ക് അഞ്ചുവയസ്സുള്ള ഒരു മകളുണ്ട്. ഒമ്പത് മാസം മുമ്പ് വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയും ചെയ്തു.
എന്നാൽ, ഒരാഴ്ച മുമ്പ് ഭർത്താവ് പരാതിക്കാരിയെ ഫേസ്ബുക്ക് വഴി അപകീർത്തിപ്പെടുത്തിയതോടെയാണ് ചടയമംഗലം പൊലീസിൽ പരാതി നൽകിയത്. ചടയമംഗലം പൊലീസ് കേസെടുത്തു. ഡിവൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, എ.ഐ.വൈ.എഫ്, ബി.ജെ.പി അടക്കം സംഘടനകൾ സംഭവം നടന്ന വീട്ടിലേക്ക് മാർച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.