ബക്കറ്റിൽ പൊതിഞ്ഞനിലയിൽ നവജാത ശിശു; ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് പൊലീസ്
text_fieldsബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിനെ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
ചെങ്ങന്നൂർ: ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ പൊലീസിന്‍റെ സമയോചിത ഇടപെടലില്‍ രക്ഷിക്കാനായി. ആറന്മുള ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡില്‍ മുളക്കുഴ കോട്ട പൊയ്കമുക്കിന് സമീപത്തെ വീടിന്റെ ശുചിമുറിയിലെ ബക്കറ്റിലാണ് നവജാതശിശുവിനെ അമ്മ ഉപേക്ഷിച്ചത്.
രക്തസ്രാവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പത്തോടെ 34കാരി ചെങ്ങന്നൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡോക്ടർക്ക് സംശയം തോന്നി ചോദിച്ചപ്പോഴാണ് പ്രസവിച്ച വിവരം അറിയുന്നത്. കുട്ടിയെ കുഴിച്ചിട്ടെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍, കൂടെ ഉണ്ടായിരുന്ന മകനാണ് കുട്ടിയെ ബക്കറ്റില്‍ ഉപേക്ഷിച്ചെന്ന വിവരം വെളിപ്പെടുത്തിയത്. ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ചെങ്ങന്നൂർ എസ്.എച്ച്.ഒ വിപിൻ, പ്രിൻസിപ്പൽ എസ്.ഐ അഭിലാഷ്, ഗ്രേഡ് എസ്.ഐ അജിത് ഖാൻ, സി.പി.ഒമാരായ ഹരീഷ്, ജിജോ സാം എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കുളിമുറിയില്‍ ബക്കറ്റിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടത്. ഉടൻ പൊലീസ് കുട്ടിയെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചു. കുഞ്ഞ് കോട്ടയം മെഡിക്കൽ കോളജിലും അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്. കുഞ്ഞ് ആരോഗ്യവാനാണെന്നാണ് വിവരം.
യുവതിയും 10 വയസ്സുള്ള മകനും അമ്മയുമാണ് കോട്ട പൊയ്കമുക്കിൽ വാടകവീട്ടിൽ കഴിഞ്ഞിരുന്നത്. ഭർത്താവുമായി ഇവർ പിണങ്ങിക്കഴിയുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.