നിമിഷ പ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച 12 വർഷത്തിനുശേഷം
text_fieldsകൊച്ചി: യമനിലെ ജയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മകൾ നിമിഷപ്രിയയെ 12 വർഷത്തെ ഇടവേളക്കുശേഷം നേരിട്ടുകണ്ട് അമ്മ പ്രേമകുമാരി. ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണ് സൻആയിലെ ജയിൽ സാക്ഷ്യംവഹിച്ചത്. ബുധനാഴ്ച ഉച്ചക്കുശേഷമാണ് പ്രേമകുമാരി മകളെ കണ്ടത്. നിമിഷപ്രിയക്കൊപ്പം ഭക്ഷണം കഴിക്കാനും അനുമതി ലഭിച്ചു. സന്തോഷവും സങ്കടവും ഒരുമിച്ചെത്തുന്ന നിമിഷങ്ങളാണ് കൂടിക്കാഴ്ചയിലുണ്ടായത്. നിമിഷപ്രിയക്കൊപ്പം മണിക്കൂറുകൾ ചെലവഴിക്കാനും ജയിൽ അധികൃതർ അനുവദിച്ചു.
സഹായി സാമുവൽ ജെറോമിനോടൊപ്പം ഉച്ചക്കുശേഷം ജയിലിൽ എത്താനായിരുന്നു നിർദേശം. ഇതനുസരിച്ച് ഇന്ത്യൻ എംബസി ജീവനക്കാർക്കൊപ്പമാണ് പ്രേമകുമാരി ജയിലിലെത്തിയത്.
സാമുവൽ ജെറോമാണ് ഇക്കാര്യങ്ങൾ നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. മകളെ കണ്ടതുതന്നെ വലിയ പ്രതീക്ഷയും ആശ്വാസവുമാണ് ഇവർക്ക് നൽകിയത്. നിമിഷപ്രിയയുടെ മോചനകാര്യത്തിൽ ഇടപെടാനും സ്വാധീനിക്കാനും കഴിയുന്ന വ്യക്തികളെ ഉപയോഗിച്ച് ഗോത്രത്തലവന്മാരുമായുള്ള ചർച്ചയാണ് ഇനി നടക്കുക.
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായാണ് പ്രേമകുമാരി സേവ് നിമിഷപ്രിയ ഫോറം പ്രതിനിധി സാമുവൽ ജെറോമിനൊപ്പം എത്തിയത്. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളാണ് ഇനിയുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.