നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മയ്ക്ക് നേരിയ പനി; സമ്പർക്കപ്പട്ടിക വിപുലപ്പെട്ടേക്കാമെന്ന് മന്ത്രി
text_fieldsകോഴിക്കോട്: നിപ ബാധിച്ചു മരിച്ച 12വയസുകാരന്‍റെ അമ്മക്കും രോഗ ലക്ഷണം. നേരിയ പനിയാണ് ഇവർക്കുള്ളത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെ സാമ്പിള്‍ പരിശോധിക്കും. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 188 പേരാണുള്ളത്. ഇതില്‍ 20 പേരാണ് ഹൈ റിസ്‌ക് ലിസ്റ്റില്‍ ഉള്ളത്. ഇവരിൽ സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്.
ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വകുപ്പ് മേധാവിമാരുടെ യോഗം ചേര്‍ന്നു. ലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനക്ക് അയച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. നിപ ചികിത്സക്കായി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാളെ വൈകീട്ട് അവലോകന യോഗം ചേരും. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
മരിച്ച കുട്ടിയുടെ ചാത്തമംഗലം പാഴൂരിലെ വീട് കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിച്ചിച്ചിരുന്നു. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ അഡി. ഡയറക്ടർ ഡോ. രഘുവിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്ഥലത്തെത്തിയത്. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂർ, പാഴൂർ മേഖലകളിലാണ് സംഘം സന്ദർശിച്ചത്. കുട്ടിയുടെ വീടും പരിസരവും സന്ദർശിച്ച് വിവരം ശേഖരിച്ചു. പനി വരുന്നതിന് ദിവസങ്ങൾ മുമ്പ് കുട്ടി വീടിന് പരിസരത്തുനിന്ന് റംബൂട്ടാൻ പഴം കഴിച്ചതായി വിവരമുണ്ടായിരുന്നു. ഇതേത്തുടർന്ന് റംബൂട്ടാൻ സാമ്പിളുകൾ സംഘം ശേഖരിച്ചു. വീട്ടിലെ ആട് ചത്തുകിടന്ന സ്ഥലത്തും പരിശോധന നടത്തി.
സംസ്ഥാനത്ത് പ്രത്യേക നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കണ്‍ട്രോള്‍ റൂമിന് പുറമേയാണിത്. ജനങ്ങള്‍ക്ക് ഈ സമ്പറുകളില്‍ (0495-2382500, 0495-2382800) ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.