‘അവിടെ തന്നെ തീരണം കൊന്നവരുടെ ജീവിതം; എന്റെ മോനെ തിരിച്ച് കിട്ടില്ലല്ലോ?’ -വിതുമ്പലടക്കി റിജിത്തിന്റെ മാതാവ്
text_fieldsതലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കണ്ണപുരം അരക്കൻ വീട്ടിൽ റിജിത്തിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർക്ക് വധ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മാതാവ് ജാനകി. ഒമ്പത് പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ സന്തോഷമില്ലെങ്കിലും അൽപം ആശ്വാസം ഉണ്ട് എന്ന് അവർ പ്രതികരിച്ചു. ‘എനിക്ക് നഷ്ടപ്പെട്ട മോനെ തിരിച്ച് കിട്ടില്ലല്ലോ. അത് തിരിച്ച് കിട്ടിയാലല്ലേ എനിക്ക് സന്തോഷിക്കാനാവൂ. എങ്കിലും അൽപം ആശ്വാസമുണ്ട് എന്ന് പറയാം’ -അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
‘വിധിക്ക് കാത്തിരുന്ന അച്ഛൻ മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. വധശിക്ഷയാണ് പ്രതീക്ഷിച്ചത്. ഒരിക്കലും അവർ പുറത്ത് വരരുത്. അവിടെ തന്നെ അവരുടെ ജീവിതം തീരണം. എന്റെ കണ്ണിൽനിന്ന് ഒഴുകിയ കണ്ണീരും മനസ്സിന്റെ തളർച്ചയും അവരുടെ അമ്മമാരും അനുഭവിക്കാൻ ഇടവരട്ടെ. ഇനി ഒരു രാഷ്ട്രീയപാർട്ടിക്കാരും കൊലക്കത്തി എടുക്കാനും കൊല്ലാനും പാടില്ല. എല്ലാ രാഷ്ട്രീയക്കാർക്കും ഇത് ഒരു പാഠമാകണം. എനിക്ക് നഷ്ടപ്പെട്ട മോനെ തിരിച്ച് കിട്ടില്ലല്ലോ. അത് തിരിച്ച് കിട്ടിയാലല്ലേ എനിക്ക് സന്തോഷിക്കാനാവൂ. എങ്കിലും അൽപം ആശ്വാസമുണ്ട് എന്ന് പറയാം. ഇതിന് വേണ്ടി പ്രവർത്തിച്ചവർക്കും എന്റെ പാർട്ടിക്കാരോടും അവന്റെ സുഹൃത്തുക്കളോടും നാട്ടുകാരോടും എല്ലാവർക്കും നന്ദി അറിയിക്കുന്നു’ -ജാനകി വിതുമ്പലടക്കി പറഞ്ഞു.
പ്രതികൾ 12 കൊല്ലം കഴിഞ്ഞാൽ പുറത്തിറങ്ങില്ലേയെന്നും വധശിക്ഷ കിട്ടണമായിരുന്നുവെന്നും റിജിത്തിന്റെ സഹോദരി ശ്രീജ പറഞ്ഞു. ഇനി ഒരമ്മയ്ക്കും പെങ്ങൾക്കും ഈ ഗതി ഉണ്ടാകരുതെന്നും അവർ ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കണ്ണപുരം അരക്കൻ വീട്ടിൽ റിജിത്തിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരായ ഒമ്പത് പ്രതികൾക്കും തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ആണ് ജീവപര്യന്തം വിധിച്ചത്.
ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ. ഇതിൽ മൂന്നാം പ്രതി കണ്ണപുരം ചുണ്ടയിലെ കൊത്തില താഴെവീട്ടിൽ അജേഷ് വാഹനാപകടത്തിൽ മരിച്ചിരുന്നു. മറ്റുപ്രതികളായ കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻ വീട്ടിൽ സുധാകരൻ (57), കോത്തിലതാഴെ വീട്ടിൽ ജയേഷ് (41), ചാങ്കുളത്ത്പറമ്പിൽ രഞ്ജിത്ത് (44), പുതിയപുരയിൽ അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത് (47), സഹോദരൻ ശ്രീജിത്ത് (43), തെക്കേവീട്ടിൽ ഭാസ്കരൻ (67) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2005 ഒക്ടോബർ രണ്ടിന് രാത്രി ഒമ്പതിന് ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് സൃഹുത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന റിജിത്തിനെയാണ് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘർഷത്തിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് കേസ്. ക്ഷേത്രത്തിനടുത്ത കിണറിനു പിന്നിൽ പതിയിരുന്ന പ്രതികൾ ആയുധങ്ങളുമായി റിജിത്തിനെയും മറ്റും ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.വി. നികേഷ്, ആർ.എസ്. വികാസ്, കെ.എൻ. വിമൽ എന്നിവർക്കും പരിക്കേറ്റിരുന്നു. വാക്കത്തി, കഠാര, വടിവാൾ, വലിയ കഠാര, സ്റ്റീൽപൈപ്പ് എന്നിവയാണ് കൊലക്ക് ഉപയോഗിച്ചത്. ചോരപുരണ്ട ആയുധങ്ങളും പ്രതികളുടെ വസ്ത്രവും പൊലീസ് കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, പ്രതികൾക്ക് വേണ്ടി അഡ്വ. പി.എസ്. ഈശ്വരൻ, അഡ്വ. പി. പ്രേമരാജൻ, അഡ്വ. ടി. സുനിൽ കുമാർ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.