വധിക്കാൻ ശ്രമിച്ച മകന് ജാമ്യം നൽകണമെന്ന് മാതാവ്; അംഗീകരിച്ച് ഹൈകോടതി
text_fieldsകൊച്ചി: പുതുവത്സരാഘോഷത്തിന് പണം നൽകിയില്ലെന്നാരോപിച്ച് മാതാവിനെ വധിക്കാൻ ശ്രമിച്ച യുവാവിന്, മാതാവിന്റെ അഭ്യർഥന മാനിച്ച് ജാമ്യം അനുവദിച്ച് ഹൈകോടതി. ദൗർഭാഗ്യവതിയായ മാതാവിനെ വീണ്ടും ദു:ഖത്തിലാഴ്ത്തുന്നില്ലെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം കാരക്കാമണ്ഡപം സ്വദേശിയായ 25കാരന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കർശന ഉപാധികളോടെ ജാമ്യം നൽകിയത്.
റോസാപുഷ്പം പോലെ എന്നും വിരിഞ്ഞു നിൽക്കുന്നതാണ് അമ്മയുടെ സ്നേഹമെന്നും കോടതി പരാമർശിച്ചു. ആഘോഷിക്കാൻ പണം നൽകണമെന്ന ആവശ്യം നിഷേധിച്ച അമ്മയെ യുവാവ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജനുവരി ഒന്നു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും കാണിച്ചാണ് യുവാവ് ജാമ്യാപേക്ഷ നൽകിയത്.
ഇരയായ മാതാവിന്റെ അഭിപ്രായമറിഞ്ഞ് തീരുമാനമെടുക്കാമെന്നാണ് ഹൈകോടതി നിലപാടെടുത്തത്. തുടർന്ന് പൊലീസ് റെക്കോഡ് ചെയ്ത് ഹാജരാക്കിയ മൊഴിയിൽ മകന് ജാമ്യം നൽകണമെന്ന് അമ്മ അഭ്യർഥിച്ചു. ‘മകൻ ജയിലിൽ കഴിയുന്നത് ഒരമ്മ എന്ന നിലക്ക് സഹിക്കാൻ പറ്റുന്നതല്ല’ എന്ന വാചകം എടുത്തു പറഞ്ഞ കോടതി, രാജ്യത്തെ യുവതയുടെ മാനസിക നില അമ്പരപ്പിക്കുന്നതും അലോസരപ്പെടുത്തുന്നതുമാണെന്ന് കൂട്ടിച്ചേർത്തു. കുറ്റപത്രം സമർപ്പിക്കും വരെ പ്രതി എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.
50,000 രൂപ സ്വന്തം ബോണ്ടും തുല്യമായ രണ്ട് ആൾ ജാമ്യവും സമർപ്പിക്കണം. മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അമ്മക്ക് പൊലീസിനെ അറിയിക്കാമെന്നും ജാമ്യം റദ്ദാക്കാൻ ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.