സ്വന്തം കാലിൽ നിൽക്കാനുള്ള ഊർജം തേടി ഭിന്നശേഷിക്കാരുടെ അമ്മമാർ
text_fieldsചെറുവത്തൂർ: സംരംഭകത്വ ശേഷി ആർജിച്ചെടുത്ത് സ്വന്തം കാലിൽ നിൽക്കാനുള്ള ഊർജം തേടി അമ്മമാർ. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരുടെ ജീവിതം പുതിയൊരു വരുമാന മാർഗത്തിലൂടെ കരുപ്പിടിപ്പിക്കാനുള്ള യത്നത്തിന് തുടക്കമിടുന്നത് സമഗ്രശിക്ഷ കേരളം ചെറുവത്തൂർ ബി.ആർ.സിയാണ്. ലോക ഭിന്നശേഷി മാസാചരണത്തിെന്റ ഭാഗമായി ബി.ആർ.സി ഹാളിലാണ് സ്വദേശ് പ്രസ്ഥാനത്തിെന്റ സാങ്കേതിക സഹകരണത്തോടെ അമ്മമാരും ബി.ആർ.സിയിലെ സ്പെഷലിസ്റ്റ് അധ്യാപകരും സ്പെഷൽ എജുക്കേറ്റർമാരും മറ്റ് ബി.ആർ.സി സ്റ്റാഫംഗങ്ങളും കൈകോർത്ത് ഏകദിന തൊഴിൽ പരിശീലനം സംഘടിപ്പിച്ചത്. സ്വദേശിന്റെ പരിശീലകൻ കെ.കെ. നാരായണന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.
ചുരുങ്ങിയ മുതൽ മുടക്കോടെ ഏറ്റവും മേന്മയേറിയ ഹാൻഡ് വാഷ്, ഡിഷ് വാഷ് ലിക്വിഡ്, ക്ലോത്ത് വാഷ്, ഫിനോയിൽ, ടോയ് ലറ്റ് ക്ലീനർ തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണ പരിശീലനമായിരുന്നു നടന്നത്. മറ്റൊരു ജോലിയും ചെയ്യാനാകാതെ വീട്ടിൽ ഭിന്നശേഷിക്കാരായ മക്കളുടെ പരിചരണത്തിനായി ജീവിതം മാറ്റിവെച്ച അമ്മമാരുണ്ടാക്കിയ ഉൽപന്നങ്ങളുടെ വിറ്റഴിക്കൽ അടുത്ത ദിവസം തന്നെ ആരംഭിക്കും. ഒന്നാംഘട്ട പരിശീലനം നേടിയ സംഘം മറ്റുള്ള അമ്മമാർക്കും പരിശീലനം നൽകി സംരംഭകത്വത്തിന്റെ പുതിയ വാതിലുകൾ തുറന്നിടും.
വരും നാളുകളിൽ വ്യത്യസ്തങ്ങളായ ഉൽപന്നങ്ങളുടെ നിർമാണം വഴി തൊഴിൽ സാധ്യതകൾ കൂടുതൽ വർധിപ്പിക്കാനും ബി.ആർ.സി ലക്ഷ്യമിടുന്നു.
ഉപജില്ല വിദ്യാഭ്യാസ ഓഫിസർ രമേശൻ പുന്നത്തിരിയൻ നിർമിക്കപ്പെട്ട ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനം നിർവഹിച്ചു. ബി.ആർ.സി ട്രെയിനർ അനൂപ് കുമാർ കല്ലത്ത് അധ്യക്ഷത വഹിച്ചു. പി. വേണുഗോപാലൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.