സ്ക്വാഡുകളിലെ ഉദ്യോഗസ്ഥർ കുറവ്; ഉദ്യോഗസ്ഥരും വാഹനവുമില്ലാതെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്
text_fieldsകോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധന കുറഞ്ഞതോടെ അപകടങ്ങൾ പെരുകുന്നു. സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ വാഹനപരിശോധനയാണ് ഗണ്യമായി കുറഞ്ഞതായി രേഖകൾ സൂചിപ്പിക്കുന്നത്. സ്ക്വാഡുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണക്കുറവാണ് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
സംസ്ഥാനത്ത് വാഹനാപകടങ്ങൾ കുറക്കാൻ 24 മണിക്കൂർ വാഹന പരിശോധന എന്ന ലക്ഷ്യത്തിലാണ് 2018ൽ സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, ആവശ്യമായ ഉദ്യോഗസ്ഥരുടെ മൂന്നിലൊന്ന് തസ്തികകൾ മാത്രമാണ് സൃഷ്ടിച്ചത്. ഇതുമൂലം രാത്രികാല വാഹന പരിശോധന നടത്താനും ആളില്ല.
സംസ്ഥാനത്തെ ഒന്നരക്കോടിയിലധികം വരുന്ന വാഹനങ്ങളിൽ നിയമലംഘനങ്ങൾ പരിശോധിച്ചു നടപടി സ്വീകരിക്കേണ്ട മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളിൽ ആർ.ടി.ഒ ഉൾപ്പെടെ ആകെ 354 പേർ മാത്രമാണുള്ളത്. കൂടാതെ, 14 എം.വി.ഐമാർ കൺട്രോൾ റൂമുകളിലും ജോലിചെയ്യുന്നു. രാത്രികാല അപകടങ്ങൾ വർധിച്ചിട്ടും ജീവനക്കാരുടെ കുറവ് മൂലം വാഹന പരിശോധന കാര്യക്ഷമമാക്കാൻ കഴിയുന്നില്ല.
പരിശോധന കർശനമാക്കിയാൽ അപകടമരണങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് അധികൃതർക്ക് ഉദ്യോഗസ്ഥർ തന്നെ നൽകിയ വിശദീകരണം. 24 മണിക്കൂറും എൻഫോഴ്സ്മെന്റ് ജോലികൾക്കും കൺട്രോൾ റൂമുകളിലെ മേൽനോട്ടത്തിനുമായി ആവശ്യമായ സാങ്കേതിക വിഭാഗം തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യം ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ്.
പല ഓഫിസുകളിലും ഡീസൽ അടിക്കാൻ ഫണ്ടില്ലാത്തതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നില്ല. കാലപ്പഴക്കം വന്ന നിരവധി വാഹനങ്ങളാണ് നിലവിൽ എൻഫോഴ്സ്മെന്റ് ജോലികൾക്കായി ഉപയോഗിക്കുന്നത്. അടിക്കടി ഉണ്ടാകുന്ന തകരാറു കാരണം വാഹനങ്ങൾ കട്ടപ്പുറത്താണ്. വാഹനങ്ങൾ ഓടിക്കുന്നതിന് മിക്ക ഇടങ്ങളിലും ഡ്രൈവർമാരുമില്ല.
എ.എം.വി.ഐമാർ വാഹനമോടിച്ചാണ് പരിശോധനക്കെത്തുന്നത്. എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്കായി നൽകിയ ഇലക്ട്രിക് വാഹനങ്ങൾ പരിമിതികളിലാണ് ഓടുന്നത്. മുഴുവൻ ചാർജിൽ പരമാവധി 150 കിലോമീറ്റർ മാത്രമാണ് ഓടാൻ സാധിക്കുന്നത്. പൂർണമായി ചാർജ് ചെയ്യാൻ എട്ടു മണിക്കൂർ ആവശ്യമായതിനാൽ 24 മണിക്കൂർ പരിശോധനകൾക്ക് വാഹനങ്ങൾ ഉപയോഗിക്കാനും കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.