റോബിൻ ബസ് ഉടമ ഗിരീഷ് വധഭീഷണി മുഴക്കിയെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതി
text_fieldsപത്തനംതിട്ട: റോബിൻ ബസ് ഉടമ ഗിരീഷ് വധഭീഷണി മുഴക്കിയതായി പരാതി നൽകി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ബസ് പരിശോധിക്കുന്നതിനിടെ ഭീഷണിപ്പെടുത്തിയെന്നാണ് രണ്ട് എം.വി.ഐമാർ പത്തനംതിട്ട എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഇതിനെത്തുടർന്ന് ഗിരീഷിനെ എസ്.പി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽവെച്ച് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, ഇത് വ്യാജ ആരോപണമാണെന്നും കോടതിയിൽ നടക്കുന്ന കേസുകൾക്കുള്ള പ്രതികാര നടപടിയാണെന്നും ഗിരീഷ് പ്രതികരിച്ചു.
അനധികൃതമായി അന്തർ സംസ്ഥാന സർവിസ് നടത്തിയെന്ന് ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുക്കുകയും പലതവണ പിഴയിടുകയും ചെയ്തതോടെ പ്രശ്നം ഹൈകോടതി വരെ എത്തിയിരുന്നു. റോബിനെ വെട്ടാൻ രണ്ടുമാസം മുമ്പ് കെ.എസ്.ആർ.ടി.സി പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ എ.സി ബസ് ഇറക്കിയിരുന്നു. ബസ് വൻ വിജയമായതോടെ തുടർന്ന് രണ്ട് ബസുകൾ കൂടി നിരത്തിലിറക്കി. മൂന്ന് സർവീസിനും നല്ല കളക്ഷനുണ്ട്.
അതിനിടെ റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. പെർമിറ്റ് ചട്ടം ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ചട്ടലംഘനത്തിന് ബസ് പിടിച്ചെടുത്താലും വിട്ടുകൊടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് നേരത്തെ ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.