സ്ഥലംമാറ്റം ലഭിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ‘മുങ്ങുന്നു’
text_fieldsകോഴിക്കോട്: ട്രാൻസ്പോർട്ട് കമീഷണർ കർശന നിർദേശം നൽകിയിട്ടും, സ്ഥലം മാറ്റം ലഭിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പുതിയ ഓഫിസിൽ ജോലിക്ക് എത്തിയില്ല. ഉദ്യോഗസ്ഥർക്ക് വിവിധ ജില്ലകളിലേക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നൽകി കഴിഞ്ഞമാസം ഒമ്പതിനാണ് ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിറക്കിയത്. എന്നാൽ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ യഥാസമയം ചുമതലയേറ്റില്ല. ഇതേത്തുടർന്ന്, ആഗസ്റ്റ് 24നു മുമ്പ് സ്ഥലംമാറ്റം ലഭിച്ച സ്ഥലങ്ങളിൽ ചുമതലയേൽക്കുന്നത് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമീഷണർ ഡെ. ട്രാൻസ്പോർട്ട് കമീഷണർമാർക്ക് ഉത്തരവു നൽകി. ആ ഉത്തരവും കാറ്റിൽപറത്തിയാണ് പല ഉദ്യോഗസ്ഥരും ‘മുങ്ങി’ നടക്കുന്നത്. ചിലർ കഴിഞ്ഞ ദിവസങ്ങളിൽ വിടുതൽ നേടിയിട്ടുണ്ടെങ്കിലും മാറ്റം ലഭിച്ച ഇടങ്ങളിൽ എത്തിയിട്ടില്ല. ഇതുമൂലം നിലവിലെ ഉദ്യോഗസ്ഥർക്ക് വിടുതൽ നേടാനും കഴിയുന്നില്ല. നാലു ജോ. റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്ക് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാരായുള്ള സ്ഥാനക്കയറ്റത്തോടെയാണ് സ്ഥലം മാറ്റം ലഭിച്ചത്.
10 റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്കായിരുന്നു സ്ഥലം മാറ്റം. ഒമ്പതു സീനിയർ സൂപ്രണ്ടുമാർക്ക് ജോ. ആർ.ടി.ഒ മാരായി സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റവും ലഭിച്ചു. എട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ജോ. ആർ.ടി.ഒമാരായി സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റവും 21 ജോ. ആർ.ടി.ഒ മാർക്ക് സ്ഥലംമാറ്റവും ലഭിച്ചിരുന്നു. ഇവരിൽ ചിലർ മാത്രമാണ് യഥാസമയം ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.