ബ്രേക്ക് ഉപയോഗിച്ചില്ല, സീറ്റ് ബെൽറ്റ് ഇട്ടില്ല -ലോറിയിലേക്ക് കാറിടിച്ച് കയറ്റിയ മരണത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട്
text_fieldsഅടൂർ: ലോറിയിലേക്ക് കാറിടിച്ചു കയറ്റി രണ്ടു പേർ മരിച്ച സംഭവത്തിൽ ആര്‍ടി.ഒ എൻഫോഴ്സ്മെന്‍റിന്‍റെ പരിശോധനാ റിപ്പോർട്ട്. കാർ അമിതവേഗതയിൽ തെറ്റായ ദിശയിൽ നിന്നാണ് വന്നത്. സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല. ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി.
കാറിൽ എയർബാഗ് ഉണ്ടായിരുന്നില്ല. രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ലോറിയിൽ ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്‍റെ ആഘാതം വർധിപ്പിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് ഗതാഗത കമീഷണർക്ക് കൈമാറും.
പത്തനംതിട്ട അടൂരില്‍ കെ.പി റോഡ് പട്ടാഴിമുക്കില്‍ കാർ കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് കായംകുളം ചിറക്കടവം ഡാഫൊഡില്‍സില്‍ അനുജ (38), സുഹൃത്ത് ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷിം (31) എന്നിവരാണ് മരിച്ചത്. തുമ്പമണ്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു അനുജ. സ്വകാര്യ ബസ് ഡ്രൈവറായിരുന്നു ഹാഷിം. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും ആറുമാസത്തിലേറെയായി അടുപ്പത്തിലായിരുന്നു. അനുജയ്ക്ക് ഭർത്താവും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനുമുണ്ട്. കായംകുളം സ്വദേശിയായ ഭര്‍ത്താവിന് ബിസിനസാണ്. ഹാഷിം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഭാര്യയും കുഞ്ഞും മലപ്പുറത്താണ്.
അനുജ ജോലി ചെയ്യുന്ന തുമ്പമണ്‍ ജി.എച്ച്.എസ്.എസിലെ അധ്യാപകര്‍ കുടുംബസമേതം തിരുവനന്തപുരത്ത് വിനോദയാത്ര പോയിരുന്നു. മടങ്ങി വരുമ്പോൾ രാത്രി ഒമ്പതരയോടെ കുളക്കടയില്‍ വച്ച് ഹാഷിം മാരുതി സ്വിഫ്റ്റ് കാറില്‍ എത്തി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം തടഞ്ഞ് അനുജയെ വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു. പോകുമ്പോൾ ചിറ്റപ്പന്റെ മകൻ എന്നാണ് അനുജ പരിചയപ്പെടുത്തിയതെന്ന് സഹ അധ്യാപകർ പറഞ്ഞു. സംശയം തോന്നിയ അധ്യാപകർ ബന്ധുക്കളെ വിളിച്ചപ്പോൾ ഇങ്ങനെ ഒരാൾ കുടുംബത്തിലില്ല എന്നറിഞ്ഞു. ഇടയ്ക്ക് ഫോൺ ചെയ്തപ്പോൾ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. വിവരം പൊലീസിനെ അറിയിച്ചപ്പോഴേക്കും അപകടം നടന്നിരുന്നു.
ഏഴരയ്ക്ക് കാറിൽ കയറിയ അനുജ പത്തുമണിയോടെയാണ് അപകടത്തിൽപ്പെടുന്നത്. ഏഴംകുളം പട്ടാഴിമുക്കില്‍ കാര്‍ ലോറിയില്‍ ഇടിച്ചു കയറ്റുകയായിരുന്നു. അനുജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹാഷിം ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ മരിച്ചു. കാറിൽ മൽപിടിത്തം നടന്നതായും യാത്രക്കിടെ ഡോർ ഇടക്കിടെ തുറന്നുകിടന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്.
ഇരുവരുടെയും ഫോണുകൾ സൈബർ സംഘം പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഹാഷിമിന്റെ രണ്ടുഫോണും അനുജയുടെ ഒരുഫോണുമാണ് പരിശോധിക്കുന്നത്. ഒരുവർഷത്തെ വിവരങ്ങൾ വീണ്ടെടുക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.