മോട്ടോർവാഹന വകുപ്പ് യൂനിഫോം; അശോകചിഹ്നമാകാം, ചട്ടം ഭേദഗതി ചെയ്തു
text_fieldsതിരുവനന്തപുരം: മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് യൂനിഫോമിൽ അശോക ചിഹ്നം ഉപയോഗിക്കാൻ അനുമതി. ഇത് സംബന്ധിച്ച് കേരള മോട്ടോർ വാഹനചട്ടത്തിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവിറക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ നേരേത്ത അശോക ചിഹ്നവും ആർ.ടി.ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് നീലത്തൊപ്പിയും ധരിക്കാൻ അനുമതിയുണ്ടായിരുന്നു.
ഇതിൽ അശോക ചിഹ്നം തിരികെയെത്തുമെങ്കിലും നീലത്തൊപ്പി അനുവദിച്ചിട്ടില്ല. പൊലീസുമായി സാമ്യമുണ്ടാകുമെന്ന കാരണം ചൂണ്ടിക്കാട്ടി നീലക്ക് പകരം കറുത്ത തൊപ്പിയാണ് നിഷ്കർഷിച്ചിരിക്കുന്നത്.
മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെ യൂനിഫോമിനായി 1995ൽ പുറത്തിറക്കിയ ചട്ടത്തിൽ തൊപ്പിയും കേരള സ്റ്റേറ്റ് എംബ്ലവും ധരിക്കണമെന്നായിരുന്നു വ്യവസ്ഥ. ചട്ടത്തിൽ മാറ്റം വരുത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ പഴയ യൂനിഫോം രീതിയാണ് പിന്തുടർന്നത്. ഇതിനെതുടർന്ന് ചട്ടലംഘനം ചൂണ്ടിക്കാട്ടിയ പൊതുതാൽപര്യ ഹരജി പരിഗണിച്ച് നീലത്തൊപ്പിയും അശോകസ്തംഭവും ധരിക്കരുതെന്ന കോടതി വിധിയുണ്ടായി. പിന്നാലെ അശോക ചിഹ്നവും നീലത്തൊപ്പിയും വിലക്കി സർക്കാറും ഉത്തരവിറക്കി. കേരളചിഹ്നമായ 'രണ്ട് ആന' മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും ചൂണ്ടിക്കാട്ടി. ഇത് ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തിക്കിടയാക്കി. പൊലീസിന് സമാനമായി മറ്റ് സേനാവിഭാഗങ്ങള് യൂനിഫോമും തൊപ്പിയും ധരിക്കരുതെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി സർക്കാറിന് കത്ത് നൽകുന്നതിലേക്കും കാര്യങ്ങളെത്തി. സമാന റാങ്കിലുള്ള പൊലീസിലെ ഉദ്യോഗസ്ഥർ നീലത്തൊപ്പിയും ചിഹ്നവും ധരിക്കുന്നതിനാൽ തങ്ങൾക്കും ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തി. തുടർന്നാണ് നിയമഭേദഗതി വേണമെന്ന് ഗതാഗത കമീഷണർ സർക്കാറിനോട് ശിപാർശ ചെയ്തത്.
പൊലീസ്, എക്സൈസ്, അഗ്നിരക്ഷാസേന, വനംവകുപ്പ്, മോട്ടോർ വാഹനവകുപ്പ്, മുനിസിപ്പൽ സർവിസ് (ഹെൽത്ത്), ലീഗൽ മെട്രോളജി എന്നീ വിഭാഗങ്ങളാണ് നിലവിൽ കാക്കി യൂനിഫോമാണ്. ഷോൾഡർ ടൈറ്റിൽ, റിബൺ, ബിസിൽ കോഡ് എന്നിവയുടെ നിറവ്യത്യാസം അനുസരിച്ചാണ് ഇവരെ തിരിച്ചറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.