ഫിറ്റ്‌നസില്ലാത്ത ഓട്ടോയിൽ കുത്തിനിറച്ച് കുട്ടികള്‍; വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍
text_fieldsകൊച്ചി: അപകടകരമായ രീതിയില്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചു കൊണ്ടുപോയ വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി. വാഹനത്തില്‍ യാത്ര ചെയ്തിരുന്ന 14 വിദ്യാര്‍ത്ഥികളെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ യഥാസമയം സ്‌കൂളില്‍ എത്തിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ മൂവാറ്റുപുഴ കിഴക്കേക്കര ഈസ്റ്റ് ഗവ. സ്‌കൂളിന് സമീപം നടന്ന പരിശോധനയിലാണ് അപകടകരമായ രീതിയില്‍ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ ശ്രദ്ധയില്‍പെട്ടത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീനിവാസ് ചിദംബരത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വാഹനം പരിശോധിച്ച ഉദ്യോഗസ്ഥര്‍ വാഹനത്തിന് ഇരു വശത്തും കൈവരികള്‍ ഇല്ലെന്നും ഡ്രൈവറുടെ കാലിന് പരുക്കേറ്റിരുന്നതിനാല്‍ വാഹനം ഓടിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും കണ്ടെത്തി. കുട്ടികളില്‍ അധികവും വാഹനത്തില്‍ നിന്ന് ആയിരുന്നു സഞ്ചരിച്ചത്. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ സെന്റ്. അഗസ്റ്റിന്‍ സ്‌കൂളിലും മൂവാറ്റുപുഴ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലുമെത്തിക്കുകയായിരുന്നു.
വൈകീട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു വാഹനം ഏര്‍പ്പെടുത്താന്‍ സ്‌കൂളിലെ പ്രധാന അധ്യാപകരെയും ചുമതലപ്പെടുത്തി. മൂവാറ്റുപുഴ സ്വദേശിയായ ഷിബു എന്നയാളാണ് വാഹനമോടിച്ചിരുന്നത്. വാഹനം കസ്റ്റഡിയിലെടുത്തു.
ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ജി.അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലയിലെ നൂറോളം സ്‌കൂള്‍ വാഹനങ്ങള്‍ തിങ്കളാഴ്ച പരിശോധിച്ചു. ഫിറ്റ്‌നസ് ഇല്ലെന്ന് കണ്ടെത്തിയ ഇരുപതോളം വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ നിയമനടപടിയും സ്വീകരിച്ചു. സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ജില്ലയില്‍ പരിശോധന തുടരും. കൈവരികളോ സുരക്ഷാ റെയിലുകളോ ഇല്ലാത്ത വാഹനങ്ങള്‍, കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്ന വാഹനങ്ങള്‍, അമിത വേഗത്തിലോടുന്ന സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവക്കെല്ലാം എതിരെ കര്‍ശന നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.