‘ഉറക്കം എന്ന വില്ലൻ, അപകടങ്ങളുടെ തീവ്രത കൂടും’; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsപത്തനംതിട്ട: റോഡപകടങ്ങൾ തുടർക്കഥയാവുന്നു. ഇതിലേറെയും ഉറക്കമാണ് വില്ലനാകുന്നത്. ഡ്രൈവിങിനിടെയുള്ള ഉറക്കം ജീവനെടുക്കുന്ന വാർത്തകൾ തുടരുകയാണ്. ഈ വേളയിൽ ഡ്രൈവിങിനിടയിലുള്ള ഉറക്കം വില്ലനാകുന്നുവെന്നാണ് മോട്ടോർ വാഹനവകുപ്പ് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ ഓർമ്മപ്പെടുത്തുന്നത്.
കുറിപ്പ് പൂർണരൂപത്തിൽ
പത്തനം തിട്ട ജില്ലയിലെ മുറിഞ്ഞകല്ലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് നാലു പേർക്ക്. എയർപോർട്ടിൽ നിന്നും ബന്ധുക്കളെയും വഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ നാലു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല , ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.
എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രിയും രാത്രി മുഴുവൻ ഉറക്കമിളച്ചിട്ട് വീണ്ടും പകലും ഡ്രൈവിംഗ് വീലിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവന് ഭീഷണിയാകുന്ന പ്രവർത്തിയാണ് അതെന്ന്.
ഡ്രൈവർ നിരന്തരമായ പ്രവർത്തിയും അംഗ ചലനവും തിരക്കേറിയ റോഡിൽ വാഹനം ഓടിക്കുമ്പോൾ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ ഉറക്കം വരാനുള്ള സാധ്യതം കുറവാണ് എന്നാൽ റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവർത്തിയുടെ ആവശ്യം കുറയുകയും മാത്രമല്ല കൂടെ ഉള്ളവർ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോൾ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കുന്നു.
സ്ഥിരമായി ഉറങ്ങുമ്പോൾ കേൾക്കുന്ന പാട്ടുകൾ കേൾക്കുന്നതും കൂടുതൽ ഭക്ഷണം കഴിക്കുന്നതും എല്ലാം ഉറക്കത്തിലേക്ക് നയിച്ചേക്കാം. രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം... ഉറക്കത്തിൻ്റെ ലക്ഷണം വന്നു കഴിഞ്ഞാൽ , ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.