ഫാൻസി നമ്പർ ഇനി ഒാൺലൈൻ വഴി മാത്രം; ഡ്രൈവിങ് ടെസ്റ്റിന് 12ഒാളം കാമറകൾ
text_fieldsകൊച്ചി: ഫാൻസി നമ്പറുകൾക്ക് ഇടനിലക്കാരുമായി ചേർന്ന് നടത്തുന്ന ഒത്തുകളികൾക്കും ഇതിലൂടെ സർക്കാറിന് വരുമാനം നഷ്ടപ്പെടുന്ന അവസ്ഥക്കും പരിഹാരമാകുന്നു. ഫാൻസി നമ്പർ വിതരണം പൂർണമായും ഒാൺലൈൻ വഴിയാക്കാൻ മോേട്ടാർ വാഹന വകുപ്പ് നടപടി തുടങ്ങി. വാഹന രജിസ്ട്രേഷൻ സേവനങ്ങളും ലൈസൻസ് നടപടികളും ലളിതവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയാറാക്കിയ വാഹൻ, സാരഥി സോഫ്റ്റ്വെയറുകൾ സംസ്ഥാനത്തും നടപ്പാക്കുന്നതിെൻറ ഭാഗമാണിത്.
വാഹന ഉടമകൾ ഫാൻസി നമ്പർ ബുക്ക് ചെയ്ത് ഇടനിലക്കാർ വഴി കൈക്കലാക്കുകയും ഇതുവഴി അർഹമായ വരുമാനം സർക്കാറിന് ലഭിക്കാതെപോകുകയും ചെയ്യുന്നുണ്ട്. നടപടി പൂർണമായും ഒാൺലൈനാകുന്നതോടെ ലോകത്തെവിടെയിരുന്നും ഫാൻസി നമ്പർ ലേലത്തിൽ പെങ്കടുക്കാം. വാഹന ഉടമയോ പ്രതിനിധിയോ നേരിട്ട് ഒാഫിസിൽ ഹാജരാകേണ്ട ആവശ്യമില്ല.
ഡ്രൈവിങ് ലൈസൻസ് കേന്ദ്രീകൃത സംവിധാനത്തിൽ തയാറാക്കുന്നു എന്നതാണ് മറ്റൊരു പരിഷ്കാരം. ഇതോടെ നിലവിലെ ഡ്രൈവിങ് ലൈസൻസിെൻറ രൂപവും സ്വഭാവവും അടിമുടി മാറും. സംസ്ഥാനത്തെ എല്ലാ ആർ.ടി ഒാഫിസുകളുടെയും പരിധിയിലുള്ള ലൈസൻസുകൾ തിരുവനന്തപുരത്തെ കേന്ദ്രീകൃത സംവിധാനത്തിലാകും തയാറാക്കുക. ഇവ വിദേശരാജ്യങ്ങളിലെ ലൈസൻസിനോട് കിടപിടിക്കും വിധം അച്ചടിയിൽ ഉൾപ്പെടെ ഉയർന്ന ഗുണനിലവാരമുള്ളതായിരിക്കും. 15 വർഷം വരെ ഒരു കേടും കൂടാതെ ഇവ സൂക്ഷിക്കാനാകും. നിലവിൽ അതത് ആർ.ടി ഒാഫിസുകളാണ് ലൈസൻസ് തയാറാക്കുന്നത്.
ഡ്രൈവിങ് പരീക്ഷ പൂർണമായും സോഫ്റ്റ്വെയർ സഹായത്തോടെയാക്കാനും തീരുമാനിച്ചിട്ടുണ്ട്. പഠിതാവിെൻറ ഡ്രൈവിങ് പാടവം നിരീക്ഷിക്കാൻ 12ഒാളം കാമറകളുണ്ടാകും. ഡ്രൈവിങ് ടെസ്റ്റ് വിജയവും പരാജയവും തീരുമാനിക്കുന്നതും പൂർണമായും കമ്പ്യൂട്ടർ സഹായത്തോടെയാകും. ഡ്രൈവിങ്ങിൽ മതിയായ വൈദഗ്ധ്യവും ട്രാഫിക് നിയമങ്ങളിൽ കൃത്യമായ അറിവും ഇല്ലാത്തവർക്ക് ടെസ്റ്റ് പാസാകാനാകില്ലെന്ന് ചുരുക്കം. ത്രീവീലർ ലൈസൻസ് ഇല്ലാതാകുന്നതോടൊപ്പം ഹെവി വാഹനങ്ങൾക്കുള്ള ലൈസൻസ് ഏകീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹനം വിൽക്കുന്നയാൾതന്നെ വാങ്ങുന്നയാൾക്ക് ഉടമസ്ഥാവകാശം മാറ്റിനൽകണമെന്നതും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.