ആഗോള തൊഴിൽസാധ്യത പഠിക്കാൻ നോർക്കയും ഐ.ഐ.എമ്മും തമ്മിൽ ധാരണ
text_fieldsതിരുവനന്തപുരം: ആഗോള തൊഴിൽ മേഖലയിലെ പുത്തൻ പ്രവണതകളും ഭാവിയിലെ തൊഴിൽ സാധ്യതകളും പഠന വിധേയമാക്കുന്നതിന് നോർക്ക റൂട്ട്സും കോഴിക്കോട് ഐ.ഐ.എമ്മും തമ്മിൽ കൈകോർക്കുന്നു. കോവിഡാനന്തര ലോകക്രമത്തിൽ തൊഴിൽ മേഖലയിലുണ്ടായ മാറ്റങ്ങളും പുത്തൻ കുടിയേറ്റ സാധ്യതകളും പരിശോധിക്കാനും പുതുതലമുറയ്ക്ക് തൊഴിലവസരങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും പഠനം നടത്താൻ ഇരു സ്ഥാപനങ്ങളും തമ്മിൽ ധാരണയായി.
വിദേശ റിക്രൂട്ട്മെന്റ് എന്നത് നിരവധി നിയമവ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായ ഒന്നായതിനാൽ,ഈ മേഖലയിൽ ഇടപെടുന്നതിന് വൈദഗ്ദ്ധ്യം ആവശ്യമാണ്. ഈ സാഹചര്യത്തിൽ സുതാര്യവും നിയമപരവും വ്യവസ്ഥാപിതവുമായ ഒരു റിക്രൂട്ട്മെന്റ് സമ്പ്രദായത്തെ ശക്തിപ്പെടുത്താനുളള ശ്രമമാണ് പഠനത്തിലൂടെ നോക്ക റൂട്ട്സ് നടത്തുന്നത്.
മാറിമാറിവരുന്ന ആഗോള പശ്ചാത്തലത്തിൽ ഗുണപരമായതൊഴിൽ കുടിയേറ്റ സാധ്യതകൾ അന്വേഷിച്ച് കണ്ടെത്തുന്നതിന് കൂടിയാണ് പഠനം. വിദേശത്തും സ്വദേശത്തുമുള്ള തൊഴില്‍ സാധ്യതകൾ മനസ്സിലാക്കുന്നതിനോടൊപ്പം നിയമപരവും സുരക്ഷിതവുമായ ഗുണമേന്മയുള്ളതുമായ ഭാവിതൊഴിൽ കുടിയേറ്റം പ്രായോഗികമാക്കാനുള്ള മാർഗങ്ങ നിർദ്ദേശങ്ങൾ പഠനത്തിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ തൊഴില്‍ മാർക്കറ്റുകള്‍, തൊഴിൽ ശീലങ്ങൾ, സാങ്കേതികവിദ്യകൾ, നൈപുണ്യ ശേഷി, നവീനാശയങ്ങൾ,ഭാവിപ്രവചനങ്ങൾ എന്നിവയെല്ലാം ഗവേഷണത്തിന് വിഷയമാകും. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തിലേയ്ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ മാറ്റം അനിവാര്യമാണ്. ഇതിനുകൂടി സഹായകരമാകുന്ന നിർദേശങ്ങളും പഠനത്തിലൂടെ ലഭിക്കും. മുന്നു മാസത്തിനകം പഠനം പൂർത്തിയാക്കാനാണ് ധാരണയായെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.