ശബരിഗിരിയിലും രണ്ടാം പവര്‍ ഹൗസിന് നീക്കം; ശേഷി ഇരട്ടിയാകും
text_fieldsതിരുവനന്തപുരം: ഇടുക്കിക്ക് പിന്നാലെ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയിലും രണ്ടാം പവർഹൗസ് സ്ഥാപിക്കുന്നു. പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്കോസിന് (വാട്ടര്‍ ആൻഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്) എട്ടരക്കോടി രൂപക്ക് കരാര്‍ നല്കി. ശബരിഗിരി എക്സ്റ്റെന്ഷന് സ്കീം യാഥാര്‍ഥ്യമാകുന്നതോടെ പദ്ധതിശേഷി 340 ല്‍നിന്ന് 600 മെഗാവാട്ടായി ഉയരുമെന്നാണ് വിലയിരുത്തൽ. ഇടുക്കി എക്സ്റ്റെന്ഷന് പദ്ധതിയുടെ വിശദ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നതും വാപ്കോസാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
പീക്ക്ലോഡ് വൈദ്യുതി ആവശ്യത്തിനാണ് പ്രധാനമായും ശബരിഗിരി പദ്ധതി ഉപയോഗിക്കുന്നത്. 60 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ടും 55 മെഗാവാട്ട് വീതം ശേഷിയുള്ള നാലും ജനറേറ്ററാണ് (340 മെഗാവാട്ട്) നിലവിലുള്ളത്. 1968 ല്‍ കമീഷന് ചെയ്യുമ്പോള്‍ 300 മെഗാവാട്ടായിരുന്നു ശേഷി. 2004 - 2009 ല്‍ നടത്തിയ പുനരുദ്ധാരണത്തിലൂടെയാണ് ഇത് 340 മെഗാവാട്ടായത്.
പമ്പ നദിയിലാണ് ശബരിഗിരി പദ്ധതിയുടെ പ്രധാന റിസര്‍വോയർ. മൂഴിയാറില്‍ സ്ഥിതിചെയ്യുന്ന പവർഹൗസിലേക്ക് 5.138 കിലോമീറ്റർ ടണലിലൂടെ വെള്ളം എത്തിച്ച് 2.6 കി.മീറ്റർ വീതം നീളമുള്ള മൂന്ന് പെന്‍സ്റ്റോക്കുകളിലൂടെയാണ് പവർഹൗസില്‍ വെള്ളമെത്തിക്കുന്നത്. ശേഷി 1.96 മടങ്ങ് വര്‍ധിപ്പിച്ച് 666 മെഗാവാട്ട് വരെ ഉയര്‍ത്താൻ സാധ്യതയുണ്ടെന്ന് സിവില്‍ ഇന്‍വെസ്റ്റിഗേഷന്‍ ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിപുലീകരണ പദ്ധതി തയാറാകുന്നത്. വാണിജ്യ സാധ്യത റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കാനാണ് നിർദേശം. പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അടക്കം ഡി.പി.ആര് 18 മാസത്തിനകം സമര്‍പ്പിക്കണമെന്നാണ് വാപ്കോസുമായുള്ള കരാര്‍ നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.