സംസ്ഥാന കൃഷി വകുപ്പുകളെ ഇല്ലാതാക്കാനും ബോര്‍ഡുകള്‍ പിരിച്ചുവിടാനുമുള്ള നീക്കം നടക്കുന്നു -മന്ത്രി സുനിൽകുമാർ
text_fieldsകോഴിക്കോട്: സംസ്ഥാന കൃഷി വകുപ്പുകളെ തന്നെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ തലത്തിൽ നീക്കം നടക്കുന്നതായി സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. ഓരോ സംസ്ഥാനത്തിന്‍റെയും സവിശേഷതകള്‍ക്ക് അനുസൃതമായി കാര്‍ഷിക ആസൂത്രണം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കൃഷി വകുപ്പുകൾക്ക് പുറമേ വിവിധ വിളകളെ അടിസ്ഥാനമാക്കി രൂപീകരിച്ചിട്ടുള്ള ബോര്‍ഡുകള്‍ പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നു. നാളികേര വികസന ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, കോഫി ബോര്‍ഡ്, ടീ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനകം പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആരംഭിച്ചുകഴിഞ്ഞു.
ഡിസംബര്‍ മാസത്തോടുകൂടി അത്തരമൊരു ഉത്തരവ് കൂടി ഇറങ്ങുമെന്നാണ് സംസ്ഥാന സര്‍ക്കാറിന് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനങ്ങളെ ഇല്ലാതാക്കാനും നീക്കം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നതാണ് കൃഷിയും അനുബന്ധ മേഖലകളും. സംസ്ഥാന പട്ടികയില്‍പ്പെടുന്ന പതിനാലാം വിഷയത്തില്‍ കൃഷി, കാര്‍ഷിക ഗവേഷണം, സസ്യരോഗ-കീടനിയന്ത്രണം, രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കൂടി ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാതെയും ഏകപക്ഷീയമായും ഇത്തരം നിയമങ്ങള്‍ പാസ്സാക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്.
കർഷകവിരുദ്ധമായ കാർഷിക നിയമങ്ങൾക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കാർഷിക നിയമങ്ങൾ കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കില്ലെന്നും ബദൽ നിയമനിർമാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.