കൂടുതൽ തുറമുഖങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തിന് നീക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതൽ തുറമുഖങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ നീക്കം. ബേപ്പൂർ, അഴിക്കൽ, കൊല്ലം തുറമുഖങ്ങളിൽ പി.പി.പി (പൊതു, സ്വകാര്യ പങ്കാളിത്തം) മാതൃകയിൽ വികസനത്തിന് അനുമതി തേടി മാരിടൈം ബോർഡ് സർക്കാറിനെ സമീപിക്കും.
പൊന്നാനി തുറമുഖം പി.പി.പി മാതൃകയിൽ വികസിപ്പിക്കാൻ മാരിടൈം ബോർഡിന് സർക്കാർ കഴിഞ്ഞ 14ന് അനുമതി നൽകിയിരുന്നു. താൽപര്യപത്രം ക്ഷണിക്കുന്നതടക്കം നടപടികളുമായി മുന്നോട്ടുപോകാനും ബോർഡ് സി.ഇ.ഒക്ക് അനുവാദം നൽകിയിട്ടുണ്ട്.
പൊന്നാനി തുറമുഖം ബി.ഒ.ടി വ്യവസ്ഥയിൽ വികസിപ്പിക്കുന്നതിന് മലബാർ പോർട്സ് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഉണ്ടാക്കിയിരുന്നെങ്കിലും ലക്ഷ്യമിട്ടപോലെ കാര്യങ്ങൾ മുന്നോട്ടുപോകാത്തതിനാൽ കരാർ റദ്ദാക്കുകയായിരുന്നു.
സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക സ്ഥിതി ചെറുകിട-ഇടത്തരം തുറമുഖങ്ങളുടെ വികസനത്തിന് ആവശ്യാനുസൃതം പണം ചെലവിടാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ ഫണ്ട് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നതിനും പരിമിതികളുണ്ട്.
ഈ സാഹചര്യത്തിലാണ് തുറമുഖങ്ങളുടെ വികസനത്തിന് പൊതു, സ്വകാര്യ പങ്കാളിത്തം വ്യാപകമാക്കാനുള്ള ആലോചന.
സാഗർമാല പദ്ധതി പ്രകാരം കേന്ദ്രത്തിൽനിന്ന് തുറമുഖ പദ്ധതികളിൽ 50 ശതമാനം സാമ്പത്തിക സഹായം ലഭിക്കുമെങ്കിലും വികസന ആവശ്യങ്ങൾക്ക് ഇതു പര്യാപ്തമല്ല. തുറമുഖ പദ്ധതികളിൽ നൂറുശതമാനം സാമ്പത്തിക സഹായം നൽകാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് വിവിധ തുറമുഖങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തത്തിനു വഴി തേടുന്നത്.
വിഴിഞ്ഞം തുറമുഖം സ്വകാര്യ പങ്കാളിത്തത്തോടെ ഉദ്ഘാടന സജ്ജമാവുന്ന ഘട്ടത്തിൽ സംസ്ഥാനത്തെ മറ്റു തുറമുഖങ്ങളും വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് സർക്കാർ നിലപാട്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിർമാണ പ്രവർത്തനങ്ങൾ, നടത്തിപ്പ്, ചരക്കുനീക്കം എന്നിവ സമയബന്ധിതമായി നടപ്പാക്കാനാവുമെന്നാണ് സംസ്ഥാനത്തെ തുറമുഖങ്ങളുടെ ചുമതലയുള്ള കേരള മാരിടൈം ബോർഡ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.