വാദങ്ങൾ വീണ്ടും പൊളിയുന്നു; മരംമുറി നീക്കം തുടങ്ങിയത് അഞ്ചുമാസം മുമ്പ്
text_fieldsതിരുവനന്തപുരം: ബേബി ഡാം മരംമുറിയിൽ ഫയൽനീക്കം അഞ്ചുമാസം മുമ്പ് ആരംഭിച്ചതായി തെളിവുകൾ. മേയ് 23നാണ് വനം വകുപ്പിെൻറ ഫയൽ ജലവിഭവ വകുപ്പിലെത്തുന്നത്. അന്തർ സംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഇൗ ഫയലിലെ വിശദാംശങ്ങൾ കണ്ടിരുന്നു. മരംമുറിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മന്ത്രിമാർ പറയുേമ്പാഴാണ് ഫയലുകളിൽ തീരുമാനമെടുക്കാൻ ചർച്ച നടന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നത്.
മരംമുറി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണെന്ന് സസ്പെൻഷനിലായ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വനംവകുപ്പിന് നൽകിയ കത്തിൽ വ്യക്തമാക്കി. ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മൂന്നുപ്രാവശ്യം യോഗം നടത്തിയെന്ന് കത്തിൽ പറയുന്നു. മരംമുറി അനുമതി വേഗത്തിലാക്കണമെന്ന് നിർദേശിച്ചു. മരംമുറിക്കാൻ കേന്ദ്രാനുമതി ആവശ്യമില്ലെന്നും കത്തിൽ പറയുന്നു.
മരംമുറിയിൽ നിർണായക തീരുമാനമെടുത്ത സെപ്റ്റംബർ 17ലെ തമിഴ്നാട്-കേരള സെക്രട്ടറിതല യോഗത്തിെൻറ സംഘാടനവും ജലവിഭവ വകുപ്പിനായിരുന്നു. ഇൗ യോഗത്തിലാണ് 15 മരം മുറിക്കാൻ നടപടി പുരോഗമിക്കുകയാണെന്ന് വനം സെക്രട്ടറി തമിഴ്നാടിനെ അറിയിച്ചത്. യോഗം വിജയകരമായി നടത്തിയതിന് അന്തർസംസ്ഥാന നദീജല ചീഫ് എൻജിനീയർ അലക്സ് വർഗീസിന് ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ഗുഡ് സർവിസ് എൻട്രിയും നൽകി. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനെ കൂടാതെ വനം, ജലവിഭവ വകുപ്പ് സെക്രട്ടറിമാരുടെ പങ്കിനെക്കുറിച്ചും ചീഫ് സെക്രട്ടറി തല അന്വേഷണം തുടങ്ങി.
വിവിധ യോഗങ്ങളിൽ ചർച്ചയായ ബേബി ഡാമിനോട് ചേർന്നുള്ള മരം മുറി, വള്ളക്കടവിൽനിന്ന് ഡാം സൈറ്റിലേക്കുള്ള അപ്രോച്ച് റോഡ് നിർമാണം, മുല്ലപ്പെരിയാറിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പാട്ടത്തുക വർധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിലെ ഫയലുകളാണ് പരിശോധിക്കുന്നത്.
മരംമുറി സുപ്രീംകോടതിയെ മുൻകൂട്ടി അറിയിച്ചെന്ന് രേഖ; കേരളം തീരുമാനമെടുത്തത് സെപ്റ്റംബർ 17ന്
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ മരം മുറിക്കുന്നതിന് തമിഴ്നാടിന് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചത് സെപ്റ്റംബർ 17ന്. അക്കാര്യം കേരള സർക്കാർ കഴിഞ്ഞ മാസം 27ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നുവെന്നും വ്യക്തമായി.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് സാധന സാമഗ്രികൾ കൊണ്ടുപോകാനും ഏതാനും മരങ്ങൾ മുറിച്ചു നീക്കാനും അനുമതി നൽകുന്നതിന് സെപ്റ്റംബർ 17ന് നടന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനിച്ചതായി തമിഴ്നാടിനെ അറിയിച്ചുവെന്നും, അതനുസരിച്ച് നിശ്ചിത മാതൃകയിൽ അപേക്ഷ തമിഴ്നാട് നൽകിയിട്ടില്ലെന്നുമാണ് കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. കേരളത്തിെൻറ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് കോടതിക്ക് ഒക്ടോബർ 27ന് നൽകിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
മരംമുറി അനുമതി നൽകിയതുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ വിവാദ പ്രസ്താവനകൾക്കിടയിലാണ് സുപ്രീംകോടതിയിൽ നൽകിയ കുറിപ്പിെൻറ വിശദാംശങ്ങൾ പുറത്തു വന്നത്. മരം മുറിക്കാൻ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്ന വാദമാണ് മന്ത്രി റോഷി അഗസ്റ്റിൻ ഉയർത്തിയിരുന്നത്.
സസ്പെൻഷൻ പിൻവലിക്കണമെന്ന് വനം മേധാവി
തിരുവനന്തപുരം: മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവിെൻറ പശ്ചാത്തലത്തിൽ വനംവകുപ്പ് മേധാവി പി.കെ. കേശവൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.
ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് കേശവൻ ആവശ്യപ്പെട്ടു. വനംവകുപ്പ് മാത്രമായി തീരുമാനം എടുത്തിട്ടില്ലെന്ന് കേശവൻ മുഖ്യമന്ത്രിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.