നവകേരള സദസ്സിനായി പെരുമ്പാവൂരിലും പറവൂരിലും സ്കൂൾ മതിൽ പൊളിക്കാൻ നീക്കം; എതിർപ്പുമായി നഗരസഭകൾ
text_fieldsപെരുമ്പാവൂര്‍/പറവൂർ: നവകേരള സദസ്സിന് സൗകര്യം ഒരുക്കാൻ സ്കൂൾ മതിൽ പൊളിക്കാൻ നീക്കം. ഇതിനെതിരെ നഗരസഭകൾ രംഗത്തെത്തി. പെരുമ്പാവൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മതിലും പഴയ കൊടിമരവും കോൺക്രീറ്റ് ഷെഡും പൊളിക്കാൻ ആവശ്യപ്പെട്ടാണ് സംഘാടക സമിതി ചെയര്മാന് ബാബു ജോസഫ് നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. പറവൂർ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ചുറ്റുമതില്‍ പൊളിക്കാനുള്ള നീക്കത്തിനെതിരെ നഗരസഭ ചെയർപേഴ്സൻ സംഘാടക സമിതി ജോയന്റ് കൺവീനർ കൂടിയായ തഹസിൽദാർക്കും കത്ത് നൽകി. പെരുമ്പാവൂർ സ്കൂളിൽ വാഹനങ്ങള്‍ കടന്നുചെല്ലാന്‍ മൂന്നുമീറ്റര്‍ വീതിയില്‍ മതില് പൊളിക്കണമെന്നാണ് ആവശ്യം. മതിലും കൊടിമരവും പുനര്‍നിര്‍മിച്ച് നല്‍കുമെന്നും കത്തിലുണ്ട്. എന്നാല്‍, ആര് പുനര്‍നിര്‍മിക്കുമെന്ന് വ്യക്തമാക്കുന്നില്ല.
മതില് പൊളിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന നഗരസഭ ഭരണസമിതി. മതിൽ പൊളിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചെയർമാൻ ബിജുജോണ്‍ ജേക്കബ് പറഞ്ഞു. പറവൂർ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തെ ചുറ്റുമതില്‍ പൊളിക്കണമെന്നും ഇതിലൂടെയായിരിക്കും ബസ് എത്തുകയെന്നുമാണ് സംഘാടക സമിതി കൺവീനർ കൂടിയായ നഗരസഭ സെക്രട്ടറി നഗരസഭ ചെയർപേഴ്സൻ ബീന ശശിധരനെ അറിയിച്ചത്. തുടർന്ന്, യു.ഡി.എഫ് ഭരണസമിതി ഇതിനെതിരെ തഹസിൽദാർക്ക് കത്ത് നൽകുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലത്തില്‍പെട്ട പറവൂര്‍ നഗരസഭ നവകേരള സദസ്സിന് ഒരു ലക്ഷം നല്കാന് തീരുമാനിച്ചതും പിന്നീടത് റദ്ദാക്കിയതും സെക്രട്ടറി പണം നൽകിയതും വിവാദമായിരുന്നു. നവകേരള സദസ്സിനായി സ്കൂൾ മതിൽ പൊളിക്കണമെന്ന എം.എസ്. അരുൺകുമാർ എം.എൽ.എയുടെ ആവശ്യം മാവേലിക്കര നഗരസഭ കൗൺസിലും കഴിഞ്ഞദിവസം തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.