ന്യൂനപക്ഷങ്ങളെ വംശീയ ഉന്മൂലനം നടത്താൻ നീക്കം -ബെന്നി ബഹനാൻ
text_fieldsകൊച്ചി: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ വംശീയ ഉന്മൂലനം നടത്താൻ നീക്കം നടക്കുന്നതായും ഇതിനെതിരെ മതേതര ശക്തികൾ ഒന്നിക്കണമെന്നും ബെന്നി ബഹനാൻ എം.പി. വർഗീയ കീടാണുവാണ് പുതിയ ഭീഷണിയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ സംഘടിപ്പിച്ച മതപാർലമെന്റിലെ ആഹ്വാനങ്ങൾ ഞെട്ടിക്കുന്നതാണ്. മുസ്ലിം ലീഗിനെതിരെ പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന അധിക്ഷേപവും കടന്നാക്രമണവും ഹിന്ദുത്വ തീവ്രവാദികളുടേതിന് സമാനമാണ്. സൈബറിടങ്ങളിലും പൊതുവേദികളിലും സി.പി.എം അണികളും നേതാക്കളും മുസ്ലിം ലീഗിനെതിരെ വംശീയ ആക്രമണമാണ് നടത്തുന്നത്.
ഇത് അനുവദിക്കാനാവില്ല. മതേതര ശക്തികൾ ഒന്നിച്ച് ഇത്തരം നീക്കം ചെറുക്കണം. വർഗീയവാദികളെ തിരിച്ചറിയാനുള്ള വിവേകം മുഖ്യമന്ത്രി കാണിക്കണം. ജനങ്ങളെയാകെ വെല്ലുവിളിച്ച് കെ-റെയിൽ നടപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ ആ പാളമിടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതിക-സാമൂഹികാഘാത പഠനങ്ങൾ നടത്തിയിട്ടില്ല. മൂലമ്പിള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസംപോലും പൂർത്തിയായിട്ടില്ല. റെയിൽ വികസനവും ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനവും നടപ്പാക്കിയാൽ മണിക്കൂറിൽ 120 കി.മീ. ട്രെയിൻ ഓടിക്കാൻ കഴിയും. കെ-റെയിലിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന് പിണറായി മാത്രം പറഞ്ഞിട്ട് കാര്യമില്ല. ശമ്പളം കൊടുക്കാൻപോലും കാശില്ലാത്തവരാണ് ബാധ്യത ഏറ്റെടുക്കുമെന്ന് പറയുന്നത്. കോൺഗ്രസ് നേതാവ് ടോണി ചമ്മണിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.