ക്വാര്‍ട്ടേഴ്സില്‍നിന്ന് ഒഴിപ്പിക്കാന്‍ നീക്കം: ആശുപത്രിക്ക് മുന്നിൽ കുഞ്ഞുമായി കുത്തിയിരുന്ന് ജീവനക്കാരി
text_fieldsതൃപ്പൂണിത്തുറ: പുതിയകാവ് ഗവ. ആശുപത്രിക്ക് മുന്നില്‍ ജീവനക്കാരിയുടെയും കുടുംബത്തിെൻറയും കുത്തിയിരിപ്പുസമരം. ആയുർവേദ ആശുപത്രിയിലെ സ്ഥിരം ജീവനക്കാരിയായ നഴ്സ് രേഷ്മയും മാതാവ് മേരിയും ഭര്‍ത്താവ് സരീഷുമാണ് 10 മാസം പ്രായമുള്ള കുഞ്ഞുമായി ആശുപതി കവാടത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
സ്വന്തമായി വീട് ഇല്ലാത്തതിനാല്‍ രേഷ്മയും കുടുംബവും ആശുപത്രി ക്വാര്‍ട്ടേഴ്സിലാണ് താമസം. അനധികൃതമായി താമസിക്കുന്നു എന്ന പേരില്‍ ഒഴിപ്പിക്കുെന്നന്നാരോപിച്ചാണ് സമരം ചെയ്യുന്നത്. അനുവദിച്ച ക്വാര്‍ട്ടേഴ്സ് താമസയോഗ്യമല്ലാത്തതിനാൽ വാസയോഗ്യമായത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയിട്ടും പരിഹാരമാകാത്തതിനെത്തുടര്ന്ന് ജില്ല കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു.
കലക്ടറുടെ അനുകൂല ഉത്തരവ് ആശുപത്രിയില്‍ നല്‍കിയെങ്കിലും അധികൃതര്‍ നശിപ്പിച്ചുകളഞ്ഞതായി പറയുന്നു. രേഷ്മയെ അപകീര്‍ത്തിപ്പെടുത്താൻ ആശുപത്രിയിലെ ഒരു ജീവനക്കാരന് ശ്രമിക്കുന്നുവെന്നും അപവാദപ്രചാരണങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ചും വനിത കമീഷന്, സിറ്റി പൊലീസ് കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.
ഗസറ്റഡ് ഓഫിസര്‍മാര്‍ക്കും ഗ്രേഡ് കൂടിയ ഉദ്യോഗസ്ഥര്‍ക്കും പണം വാങ്ങി ക്വാര്‍ട്ടേഴ്സ് നല്‍കുന്നതായും ആരോപണമുന്നയിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ നിരന്തരം പീഡിപ്പിക്കുന്നതായും ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥന് വധഭീഷണി മുഴക്കിയതായും രേഷ്മ പറഞ്ഞു. ക്വാര്‍ട്ടേഴ്സില്‍നിന്ന് 15 ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍.
മറ്റൊരാള്‍ക്കായി അനുവദിച്ച ക്വാര്‍ട്ടേഴ്സിലാണ് രേഷ്മയും കുടുംബവും താമസിക്കുന്നതെന്നും രേഷ്മ ഗര്‍ഭിണിയായതിനാലും കുടുംബ പശ്ചാത്തലത്തിെൻറ അടിസ്ഥാനത്തിലുമാണ് മറ്റൊരാളുടെ ക്വാര്‍ട്ടേഴ്സ് അനുവദിച്ചതെന്നും ആശുപത്രി ക്വാര്ട്ടേഴ്സിെൻറ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഡോ.ശ്രീകുമാര്‍ പറഞ്ഞു. പ്രസവം കഴിയുന്നതുവരെ താമസിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തതിനെത്തുടര്ന്നാണ് നോട്ടീസ് നല്‍കിയതെന്ന് ഡോ. ശ്രീകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.