കെ.എസ്.ആർ.ടി.സിയിൽ വി.ആർ.എസ് നീക്കം
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെ.എസ്.ആർ.ടി.സിയിൽ 10,000 ജീവനക്കാരെ കുറക്കാൻ സ്വയം വിരമിക്കൽ പദ്ധതി (വി.ആർ.എസ് ) നടപ്പാക്കാൻ നീക്കം. ഇതിന്റെ മുന്നോടിയായി 50 വയസ്സിന് മുകളിലുള്ള 7500 പേരുടെയും 50 ൽ താഴെയുള്ള 2500 പേരുടെയും പട്ടിക മാനേജ്മെൻറ് തയാറാക്കി. നിലവിൽ 26,000 സ്ഥിരംജീവനക്കാരുള്ള സ്ഥാപനത്തിൽ വി.ആർ.എസിലുടെ എണ്ണം 16,000 ആയി കുറക്കാനാണ് ശ്രമം. വി.ആർ.എസും ലേ ഓഫും ഇടതുനയമല്ലെന്ന് ആവർത്തിക്കുകയും ബി.എസ്.എൻ.എല്ലിൽ സ്വയം വിരമിക്കൽ നടപ്പാക്കിയപ്പോൾ സമരം സംഘടിപ്പിക്കുകയും ചെയ്ത പാർട്ടി അധികാരത്തിലിരിക്കുമ്പോഴാണ് കെ.എസ്.ആർ.ടി.സിയിലെ ഈ നീക്കമെന്നതാണ് വൈരുധ്യം.
എല്ലാ മാസവും സർക്കാർ ധനസഹായത്തിൽ ശമ്പളം നൽകാനാവില്ലെന്നും ജീവനക്കാരുടെ എണ്ണം കുറക്കണമെന്നുമുള്ള ധനവകുപ്പ് നിർദേശത്തെ തുടർന്നാണ് വി.ആർ.എസ് നടപടികളിലേക്ക് മാനേജ്മെന്റ് കടക്കുന്നത്. ശമ്പളവിതരണത്തിനായി ധനവകുപ്പ് പ്രതിമാസം 50 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് നൽകുന്നുണ്ട്. നവംബറിലെ ശമ്പള വിതരണത്തിനുള്ള സർക്കാർ വിഹിതം ലഭിക്കാത്ത സാഹചര്യത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ ധനവകുപ്പിനെ നേരിട്ട് സമീപിച്ചപ്പോഴായിരുന്നു കൈമലർത്തലും ബദൽ നിർദേശവും.
ശരാശരി 50,000 രൂപയും അതിന് മുകളിലും പ്രതിമാസ ശമ്പളം വാങ്ങുന്നവരാണ് കെ.എസ്.ആർ.ടി.സി തയാറാക്കിയ പട്ടികയിലുള്ളത്. ഇത്തരത്തിലുള്ള 10,000 പേരെ ഒഴിവാക്കിയാൽ ശമ്പള ഇനത്തിൽ 50 കോടി ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ പ്രതിമാസം നൽകുന്ന 50 കോടിയിൽനിന്ന് ധനവകുപ്പിനും തലയൂരാം. വിരമിക്കൽ ആനുകൂല്യമായി നൽകേണ്ട തുകയടക്കം ഉൾപ്പെടുത്തി അടുത്ത ബജറ്റിൽ 1500 കോടി കെ.എസ്.ആർ.ടി.സിക്ക് വകയിരുത്തുമെന്നാണ് വിവരം. നേരത്തേ ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന് പകുതി ശമ്പളത്തിൽ ദീർഘകാല ലീവ് പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും മാനേജ്മെന്റ് പ്രതീക്ഷിച്ച രീതിയിൽ ജീവനക്കാർ മുന്നോട്ടുവന്നിരുന്നില്ല. ഇതും വി.ആർ.എസ് നീക്കങ്ങൾക്ക് പ്രേരണയായിട്ടുണ്ട്.
2016ൽ ജീവനക്കാർ 43,000, ഇപ്പോൾ 26,000
2016ൽ ഇടത് സർക്കാർ അധികാരത്തിലെത്തുമ്പോൾ 34,028 സ്ഥിരംജീവനക്കാരും 9,500 താൽക്കാലിക ജീവനക്കാരുമായി 43,528 പേരാണ് കെ.എസ്.ആർ.ടി.സിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 7992 തസ്തികകൾ വെട്ടിക്കുറച്ചിരുന്നു. ജീവനക്കാര്‍ വിരമിക്കുന്ന ഒഴിവിലേക്ക് പകരം നിയമനം നടക്കുന്നില്ല.
പകരം പുതുതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിയില്‍ കരാര്‍ നിയമനങ്ങള്‍ തുടരാനാണ് നീക്കം. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് മാനേജ്മെന്റ് സര്‍ക്കാറിന് സമർപ്പിച്ച റിപ്പോര്‍ട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ 3776 ബസുകളാണുള്ളത്. സിംഗ്ൾ ഡ്യൂട്ടി സംവിധാനം വ്യാപകമാക്കിയാല്‍ കുറഞ്ഞ ജീവനക്കാരെക്കൊണ്ട് ഇത്രയും ബസുകൾ ഓടിക്കാനാകുമെന്നാണ് മാനേജ്മെന്റ് കണക്കു കൂട്ടൽ. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായിരുന്ന കെ.എസ്.ആര്.ടി.സിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തുച്ഛമായ ആശ്രിത നിയമനങ്ങളല്ലാതെ പുതിയ നിയമനങ്ങളൊന്നും നടന്നിട്ടില്ല. വര്‍ഷംതോറും 900-1000 പേര് വീതം വിരമിക്കുന്നുണ്ട്. ഈ തസ്തികകളും ഇല്ലാതാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.