ആകാശവാണി കണ്ണൂർ നിലയം റിലേ സ്റ്റേഷൻ മാത്രമാക്കാൻ നീക്കം
text_fieldsകണ്ണൂർ: ആകാശവാണി കണ്ണൂർ റേഡിയോ നിലയത്തെ തിരുവനന്തപുരം നിലയത്തിെൻറ റിലേ സ്റ്റേഷൻ മാത്രമാക്കാൻ നീക്കം. പ്രസാർ ഭാരതി പ്രഖ്യാപിച്ച ഓൾ ഇന്ത്യ റേഡിയോ റീബ്രാൻഡിങ് പദ്ധതിയുടെ മറവിലാണ് ഈ നീക്കം.
നിലവിൽ പ്രതിദിനം 16 മണിക്കൂർ വരെ വിവിധങ്ങളായ വിനോദ വിജ്ഞാന പരിപാടികൾ കണ്ണൂർ റേഡിയോ നിലയം പ്രക്ഷേപണം ചെയ്യുന്നുണ്ട്. എന്നാൽ, ഈ തരം താഴ്ത്തൽ നീക്കം പ്രാവർത്തികമായാൽ ജനുവരി 26 മുതൽ കണ്ണൂർ നിലയം പരിപാടികളുടെ നിർമാണം നിലക്കും. പകരം 'റേഡിയോ നിലയം' എന്ന നിലയിൽനിന്ന് കേവലം പുനഃസംപ്രേഷണ കേന്ദ്രമായി തരംതാഴ്ത്തപ്പെടും.
പ്രസാർ ഭാരതി 2020 നവംബർ 18ന് ഇറക്കിയ റീബ്രാൻഡിങ് പദ്ധതി പ്രകാരം ആകാശ വാണിയുടെ 36 പ്രാദേശിക റേഡിയോ നിലയങ്ങളാണ് ഇത്തരത്തിൽ തരംതാഴ്ത്താൻ നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഈ തരംതാഴ്ത്തൽ പദ്ധതി പ്രകാരം ഏതാനും നിമിഷങ്ങൾ മാത്രമുള്ള നാമമാത്രമായ പരിപാടികൾ മാത്രമാകും ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള കണ്ണൂർ റേഡിയോ നിലയത്തിന് ജനുവരി 26നു ശേഷം സ്വന്തമായി നിർമിക്കാനും സംപ്രേഷണം ചെയ്യാനും കഴിയുക.
സമൂഹ മാധ്യമങ്ങളുടെ പ്രളയത്തിലും ആകർഷകമായ പരിപാടികളുമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള കണ്ണൂർ സ്റ്റേഷനാണ് തരം താഴ്ത്തുന്നത്. ഇത് ഫലത്തിൽ അടച്ചുപൂട്ടുന്നതിനു തുല്യമാണ്. വടക്കൻ കേരളത്തിെൻറ തനതായ കലാരൂപങ്ങളും പൊതു പ്രശ്നങ്ങളും കാർഷിക വിഷയങ്ങളും ആകർഷകമായ പരിപാടികളിലൂടെ അവതരിപ്പിക്കുന്നതടക്കം സമൂഹത്തിെൻറ നാനാതുറകളിലുള്ളവരുടെ കഴിവുകൾ പ്രേക്ഷകരിലെത്തിക്കാൻ ആകാശവാണി കണ്ണൂർ നിലയത്തിനു കഴിയുന്നുണ്ട്.
കണ്ണൂർ നിലയമടക്കമുള്ള 36 പ്രാദേശിക നിലയങ്ങൾ അതതു പ്രദേശങ്ങളുടെ കലാ -സാഹിത്യ-സാമൂഹിക-കാർഷിക പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ജനങ്ങൾക്ക് പ്രദാനം ചെയ്യുന്നതിലൂടെ, രാജ്യത്തിെൻറ സാംസ്കാരിക വൈവിധ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആകാശവാണിയുടെ പ്രാദേശിക നിലയങ്ങൾ റിലേ സ്റ്റേഷനുകളായി തരം താഴ്ത്തുകയോ അടച്ചുപൂട്ടുകയോ ചെയ്യുകയില്ലെന്ന കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ പ്രഖ്യാപനത്തിന് കടകവിരുദ്ധമായാണ് കണ്ണൂർ നിലയത്തെ തരം താഴ്ത്താനും ഫലത്തിൽ അടച്ചുപൂട്ടാനുമുള്ള ഈ നീക്കം.
നീക്കം ഉപേക്ഷിക്കണം –കെ.െക. രാഗേഷ് എം.പി
കണ്ണൂർ: ആകാശവാണി കണ്ണൂർനിലയം അടച്ചു പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.ക. രാഗേഷ് എം.പി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ആകാശവാണിയുടെ പ്രാദേശിക നിലയങ്ങൾ റിലേസ്റ്റേഷനുകളായി തരംതാഴ്ത്തി അടച്ചുപൂട്ടുന്നത് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തോടുള്ള അവഹേളനമാണ്. അതിനാൽ, ആകാശവാണി കണ്ണൂർ നിലയത്തെ തരം താഴ്ത്താനുള്ള നീക്കം ഉപേക്ഷിക്കണം. ഫലത്തിൽ അടച്ചുപൂട്ടുന്നതിനു തുല്യമായി കണ്ണൂർ സ്റ്റേഷൻ തരംതാഴ്ത്തുന്നത് പ്രതിഷേധാർഹമാണ്-അദ്ദേഹം കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.