കോൺഗ്രസ് വിമതനെ ചെയർമാനാക്കാൻ നീക്കം; പത്തനംതിട്ട നഗരസഭയിൽ എൽ.ഡി.എഫ് ഭരണംപിടിക്കാൻ സാധ്യത
text_fieldsപത്തനംതിട്ട: ആർക്കും ഭൂരിപക്ഷമില്ലാത്ത പത്തനംതിട്ട നഗരസഭയിൽ ഭരണംപിടിക്കാൻ കരുനീക്കങ്ങളുമായി എൽ.ഡി.എഫ് കോൺഗ്രസ് വിമതൻ കെ.ആർ. അജിത്കുമാറിനെ ചെയർമാനാക്കി ഭരണംനേടാനാണ് നീക്കം.
അതേസമയം ഭരണം പിടിക്കാനുള്ള കാര്യമായ നീക്കങ്ങളൊന്നും യു.ഡി.എഫിൽനിന്നുണ്ടായിട്ടില്ല. കെ.ആർ. അജിത്കുമാറിന് എൽ.ഡി.എഫ് ചെയർമാൻസ്ഥാനം വാഗ്ദാനം ചെയ്തതായാണ് സൂചന. യു.ഡി.എഫിൽനിന്ന് ആരും സമീപിച്ചിട്ടില്ലെന്ന് അജിത്കുമാറിന് ഒപ്പമുള്ളവർ പറയുന്നു.
നാല് അംഗങ്ങളുള്ള എസ്.ഡി.പി.ഐ ഇരുമുന്നണികളോടും അടുപ്പമോ അകൽച്ചയോ ഇല്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ഭരണസ്തംഭനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പറയുന്നു. ഇതോടെ അജിത്കുമാറിനെ ചെയർമാനാക്കി ഭരണംപിടിക്കാനുള്ള എൽ.ഡി.എഫ് ശ്രമത്തിന് എതിരായി എസ്.ഡി.പി.ഐ നിൽക്കില്ലെന്ന് വ്യക്തമായി.
ചെയർമാൻ തെരഞ്ഞെടുപ്പിൽനിന്ന് എസ്.ഡി.പി.ഐ വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അത് എൽ.ഡി.എഫിന് സഹായമാകും. മറ്റൊരു സ്വതന്ത്ര ഇന്ദിരാമണിയും എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്നാണ് സൂചന.
32 അംഗ നഗരസഭയിൽ എൽ.ഡി.എഫ് 13, യു.ഡി.എഫ് 13, എസ്.ഡി.പി.ഐ നാല്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. വിമതരെയും മുന്നണിെക്കതിരെ പ്രവർത്തിക്കുന്നവരെയും തിരികെയെടുത്ത് പദവികൾ നൽകുന്നതാണ് ഇത്രയേറെ വിമതരും കാലുവാരലും ഉണ്ടാകാൻ കാരണമെന്നാണ് കോൺഗ്രസിനെതിരെ ഘടകകക്ഷികൾ ഉന്നയിക്കുന്ന പ്രധാന പരാതി.
കോൺഗ്രസ് നേതൃത്വത്തിലും ഈ പ്രവണതക്കെതിരെ വലിയ വിമർശനങ്ങളും കലാപവും ഉയരുന്നുണ്ട്. ഇതാണ് വിമതരെ കൂട്ടാനുള്ള ശ്രമങ്ങൾ ഡി.സി.സി നേതൃത്വത്തിൽനിന്ന് ഉണ്ടാകാതിരിക്കാനുള്ള കാരണം.
കെ.ആർ. അജിത്കുമാർ, ഇന്ദിരാമണി, ആമിന ഹൈദരാലി എന്നിവരാണ് കോൺഗ്രസ് വിമതരായി വിജയിച്ചത്. ആമിന ഹൈദരാലിക്ക് എസ്.ഡി.പിഐ പിന്തുണ ഉണ്ടായിരുന്നു. അവർ തങ്ങളുടെ കൂടെയാണെന്ന് എസ്.ഡി.പി.ഐ ജില്ല നേതൃത്വം അവകാശപ്പെടുന്നുമുണ്ട്.
എസ്.ഡി.പി.ഐ പോലുള്ള വർഗീയകക്ഷികളുമായി ഒരു ബന്ധവുമുണ്ടാകില്ലെന്ന് സി.പി.എം ജില്ല നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.