വയനാട് വന്യജീവി സങ്കേതത്തെ കടുവ സങ്കേതമാക്കാനുള്ള നീക്കം സജീവം
text_fieldsസുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ദുർബല പ്രദേശമാക്കാനുള്ള ശ്രമത്തിനു പിന്നാെല കടുവ സങ്കേതമാക്കാനുള്ള നീക്കം അണിയറയിൽ സജീവം.
വയനാട് വന്യജീവി സങ്കേതത്തെ കടുവ സങ്കേതമാക്കാനുള്ള ശ്രമത്തിെൻറ മുന്നോടിയാണ് ഇപ്പോൾ നടക്കുന്നതെന്ന അഭിപ്രായമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ വയനാട്ടിലും ഉണ്ടാകാനുള്ള സാധ്യതയും തള്ളാനാവില്ല.
വയനാട്, ബന്ദിപ്പൂർ, മുതുമല വന്യജീവി സങ്കേതങ്ങൾ അടുത്തടുത്താണ്. ബന്ദിപ്പൂർ കടുവ സങ്കേതം 874 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. മുതുമലയുടെ വിസ്തൃതി 320 ചതുരശ്ര കിലോമീറ്ററാണ്.
കടുവ സങ്കേതത്തിന് 800 ചതുരശ്ര കിലോമീറ്ററെങ്കിലും വേണമെന്നാണ് വനംവകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്. പരിസ്ഥിതി ദുർബല പ്രദേശമായാൽ പാറ ഖനനം, മരംമുറി, കെട്ടിട നിർമാണം എന്നിവക്ക് നിയന്ത്രണങ്ങൾ വരും. കെട്ടിടം പണിയാൻ ഡി.എഫ്.ഒയുടെ അനുമതിയും മറ്റും വേണ്ടിവരും. കടുവ സങ്കേതത്തിെൻറ പരിധിയിൽ, കടുവയോ മറ്റ് മൃഗങ്ങളോ ആക്രമിച്ചാൽ നഷ്ടപരിഹാരത്തിനുള്ള സാധ്യതയും ഇല്ലാതാവും.
പരിസ്ഥിതി ദുർബല മേഖലയാക്കിയുള്ള കരട് വിജ്ഞാപനം വളരെ ഗൗരവത്തോടെ ജില്ലയിലെ ജനങ്ങൾ കാണണമെന്ന് ഹരിതസേന ജില്ല പ്രസിഡൻറ് എം. സുരേന്ദ്രൻ പറഞ്ഞു. ജില്ലയെ കടുവ സങ്കേതമാക്കാനുള്ള ചവിട്ടുപടിയാണ് പുതിയ വിജ്ഞാപനം.
പരിസ്ഥിതി ദുർബല പ്രദേശം, കടുവ സങ്കേതം എന്നിവയൊക്കെ കൂടുതൽ വിദേശ സഹായങ്ങൾക്ക് അവസരമുണ്ടാക്കും. അതിനാൽ ജനത്തെ മറന്നുള്ള തീരുമാനങ്ങൾക്കു സർക്കാറുകൾ തയാറായേക്കും. സമരം ചെയ്ത് പ്രതിഷേധം ആളിക്കത്തിക്കുകയേ മാർഗമുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.
കുടിയേറ്റ കർഷകനെ വയനാട്ടിൽ നിന്നും ഓടിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൈക്കൊള്ളുന്നതെന്ന് സ്വതന്ത്ര കർഷക സംഘടനയായ എഫ്.ആർ.എഫ് സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ പ്രതികരിച്ചു. മനുഷ്യരേക്കാൾ വില കാടിനും കാട്ടുമൃഗങ്ങൾക്കും കൊടുക്കുന്നവർക്കെതിരെ ജനം സംഘടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.