മലബാർ സിമൻറ്സ് കേസ് അട്ടിമറിക്കാൻ നീക്കം
text_fieldsതൃശൂർ: രാഷ്ട്രീയ രംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മലബാര്‍ സിമൻറ്സ് അഴിമതിക്കേസുകള്‍ അട്ടിമറിക്കാന്‍ നീക്കം. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാൻ കോടതി വിധി പുറപ്പെടുവിച്ച കേസില്‍ പുതുതായി ഒരു തെളിവും ഇല്ലാതിരുന്നിട്ടും 11 വര്‍ഷത്തിന് ശേഷം തുടരന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഇക്കഴിഞ്ഞ 27നാണ് ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
മൂന്ന് ഇടപാടുകളിലായി 20 കോടി രൂപ വെട്ടിച്ച അഴിമതിക്കേസുകളില്‍ മൂന്നുപേരും വിചാരണ നേരിടണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. മലബാര്‍ സിമൻറ്സിലേക്ക് ചുണ്ണാമ്പുക്കല്ല് വാങ്ങിയതില്‍ അഴിമതി നടന്നുവെന്നായിരുന്നു കുറ്റപത്രം. മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, എം.ഡിമാരായ എന്‍. കൃഷ്ണകുമാര്‍, ടി. പത്മനാഭന് നായര്‍ എന്നിവർ പ്രതികളായ മൂന്ന് അഴിമതിക്കേസുകളിലാണ് തുടരന്വേഷണത്തിന് ഉത്തരവായത്. 2010ലും 11ലും വിജിലന്‍സ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയതിന് പിന്നാലെ യു.ഡി.എഫ് സര്‍ക്കാര്‍ 2012ല്‍ മുന്‍ ചീഫ് സെക്രട്ടറി അടക്കം മൂന്ന് പ്രതികളെ കുറ്റമുക്തരാക്കി ഉത്തരവിറക്കിയിരുന്നു. നടപടി അതേവര്‍ഷം തന്നെ ഹൈകോടതി സ്റ്റേ ചെയ്തു. തുടർന്ന് വന്ന സര്‍ക്കാറും പ്രതികളെ ഒഴിവാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയി. പൊതുപ്രവര്ത്തകന് ജോയ് കൈതാരത്ത് ഇതിനെതിരെ കോടതിയെ സമീപിച്ചതോടെ അന്തിമ തീരുമാനമെടുക്കാന്‍ വിചാരണ കോടതിയായ തൃശൂര്‍ വിജിലന്‍സ് കോടതിക്ക് ഹൈകോടതി നിര്‍ദേശം നല്കി. മാറ്റിവെച്ചും അവധിക്ക് വെച്ചും ഏറെ വൈകിപ്പിച്ച കേസിൽ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രതികളെ ഒഴിവാക്കാനുള്ള സര്‍ക്കാറിെൻറ പിന്‍വലിക്കല്‍ ഹരജി വിജിലൻസ് കോടതി തള്ളി.
ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികള്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയാണ് കോടതി സർക്കാറിെൻറ ഹരജികൾ തള്ളി വിധി പുറപ്പെടുവിച്ചത്. ഇതിന് ശേഷമാണ് കേസിൽ വിചാരണ തുടങ്ങേണ്ടതിന് പകരം കുറ്റപത്രവും അഴിമതി നടന്നെന്ന കണ്ടെത്തലും തന്നെ മരവിപ്പിച്ച് തുടരന്വേഷണത്തിന് ഉത്തരവിട്ട് സർക്കാറിെൻറ അട്ടിമറി നീക്കം നടന്നത്. ഇതാകട്ടെ അതീവ രഹസ്യമായിട്ടും. സാധാരണ കോടതി നിർദേശിച്ചാലോ, അല്ലെങ്കിൽ കൂടുതൽ തെളിവുകളുണ്ടെന്ന അടിസ്ഥാനത്തിൽ കോടതിയുടെ അനുമതിയോടെയോ വേണം തുടരന്വേഷണം. എന്നാൽ, പുതിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അഴിമതി തെളിയിക്കാന്‍ അന്ന് നിര്‍ണായക തെളിവ് നല്കിയവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. ഈ സാഹചര്യത്തിലാണ് മുന്‍ കണ്ടെത്തലുകള്‍ അപ്രസക്തമാക്കിയുള്ള തുടരന്വേഷണമെന്ന് കേസിലെ കക്ഷി കൂടിയായ ജോയ് കൈതാരത്ത് പറയുന്നു.
കേസിൽ സി.ബി.ഐ അന്വേഷണാവശ്യം ഉയർത്തിയപ്പോൾ വിജിലന്‍സ് ഫലപ്രദമായി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസാണെന്നായിരുന്നു അന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ പറഞ്ഞത്. മലബാർ സിമൻറ്സ് കേസിൽ 12 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി. ഉണ്ണിയും മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ മരുമകൻ കൂടിയായ മുൻ വ്യവസായ വകുപ്പ് െസക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണൻ തുടങ്ങിയവരടക്കം പ്രതി ചേർക്കപ്പെട്ടതാണ് കേസുകൾ. ജോയ് കൈതാരത്ത് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒ. ശശി എന്ന കോഴിക്കോട് വിജിലൻസിലെ പ്രോസിക്യൂട്ടറെയായിരുന്നു മലബാർ സിമൻറ്സ് കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. നേരേത്ത ഹൈകോടതിയിൽ ഹരജി പിൻവലിക്കാനുള്ള നീക്കം പൊളിച്ചത് ശശിയുടെ ഇടപെടലായിരുന്നു. ഇതിന് പിന്നാലെ ശശിയെയും നീക്കി. ഇപ്പോൾ ഹൈകോടതിയിൽ നേരേത്ത പ്രതികൾക്ക് വേണ്ടി ഹാജരായിരുന്നയാളാണ് സർക്കാർ അഭിഭാഷകൻ. കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നതായി കാണിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷിക്കാൻ നിർദേശിച്ച് ആഭ്യന്തര വകുപ്പിന് കൈമാറിയതിൽ കോഴിക്കോട് എസ്.പി അന്വേഷിക്കുന്നതിനിടയിലാണ് വിചിത്രമായ അട്ടിമറി നീക്കം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.