കരിപ്പൂരിൽ റൺവേ നീളം കുറക്കാൻ നീക്കം; നടപടി റിസ നീളം വർധിപ്പിക്കാൻ എന്ന പേരിൽ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നീളം കുറക്കാൻ നീക്കം. സുരക്ഷ വർധിപ്പിക്കാൻ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) നീളം വർധിപ്പിക്കാനാണ് നടപടി. എന്നാൽ, പുതിയ നീക്കം വലിയ വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിന് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്.
കരിപ്പൂരിൽ 2860 മീറ്ററാണ് റൺവേയുടെ നീളം. ഇതിന് ശേഷം 90 മീറ്ററാണ് റിസയുള്ളത്. 2017ൽ റിസ 240 മീറ്റർ വേണമെന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിൽ റൺവേയിൽനിന്ന് 150 മീറ്റർ റിസയായാണ് പരിഗണിച്ചത്.
ഇതിന് പകരം റൺവേയുടെ രണ്ടറ്റത്തും 150 മീറ്റർ വീതം എടുത്ത് റിസ 240 മീറ്ററായി വർധിപ്പിക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശം. രണ്ട് വശത്തും 240 മീറ്റർ ചതുപ്പ് നിലമായി മാറ്റണമെന്ന നിർദേശമാണ് ലഭിച്ചത്. ഇതിനായി രണ്ട് ഭാഗത്തുനിന്നും 150 മീറ്റർ കുറയുന്നതോടെ റൺവേ 2560 മീറ്ററായി ചുരുങ്ങും.
അതോറിറ്റി ആസ്ഥാനത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ചിട്ടുണ്ട്. റൺവേ നീളം കുറയുന്നതോടെ രണ്ട് ഭാഗത്തെയും ഇൻസ്ട്രുമെൻറ് ലാൻഡിങ് സംവിധാനം (ഐ.എൽ.എസ്), ലൈറ്റിങ് സംവിധാനം, ടേണിങ് പാഡ് തുടങ്ങിയവയെല്ലാം മാറ്റി സ്ഥാപിക്കണം.
നിലവിലെ 2860 മീറ്റർ നീളമുള്ള റൺവേ പോരാ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള അനുമതി അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത്.
ഇതിനിടയിലാണ് റൺവേ 300 മീറ്റർ കുറച്ച് 2560 മീറ്ററാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. റൺവേ നീളം കുറയുന്നതോടെ നിലവിൽ സർവിസിന് തയാറായ വിമാന കമ്പനികൾ നിലപാട് മാറ്റാനും സാധ്യതയുണ്ട്. റിസയുടെ നീളം വർധിപ്പിക്കാൻ മറ്റ് വഴികളുണ്ടായിരിക്കെ റൺവേ വെട്ടിക്കുറക്കുന്നത് എന്തിനാണെന്ന ചോദ്യവും ശക്തമാണ്. 2860 മീറ്റർ റൺവേ നിലനിർത്തി തന്നെ രണ്ട് ഭാഗത്തും റിസ 150 മീറ്റർ കൂടി വർധിപ്പിച്ച് 240 മീറ്ററാക്കുന്നതിനുള്ള സ്ഥലം ലഭ്യമാണ്. ഇതിനുള്ള നിർമാണച്ചെലവ് മാത്രമാണ് അധികം വരുക.
ഇതിന് പകരം റൺവേ നീളം കുറക്കുന്നത് കരിപ്പൂരിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ഡി.ജി.സി.എ സംഘം ഇന്ന് കരിപ്പൂരിൽ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ പരിശോധനക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സംഘം ശനിയാഴ്ച എത്തും. ഡൽഹിയിലെ ആസ്ഥാനത്തുനിന്ന് ഡെപ്യൂട്ടി ഡയറക്ടർ മനീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് എത്തുക. സാധാരണ പരിശോധനക്കായി എത്തുന്നതെന്നാണ് കരിപ്പൂരിൽ ലഭിച്ച വിവരം. നിലവിലെ സാഹചര്യത്തിൽ കരിപ്പൂരിലെ വിവിധ സൗകര്യങ്ങൾ സംഘം വിലയിരുത്തും. വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള അനുബന്ധ സൗകര്യങ്ങൾ സംഘം പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.