ഇനി കിട്ടില്ലേ 20 രൂപ ഊൺ? ജനകീയ ഹോട്ടലുകൾക്കുള്ള സർക്കാർ സബ്സിഡി നിർത്താൻ നീക്കം
text_fieldsമുട്ടം: 20 രൂപക്ക് ഊൺ വിൽക്കുന്ന ജനകീയ ഹോട്ടലുകൾക്ക് സർക്കാർ നൽകിവരുന്ന സബ്സിഡി നിർത്തലാക്കാൻ നീക്കം. സർക്കാറിന് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും സാമ്പത്തിക ഞെരുക്കവുമാണ് നീക്കത്തിന് പിന്നിൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടത്തിയ യോഗത്തിൽ വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ സബ്സിഡി തുടരുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ധനവകുപ്പ് പ്രതിനിധികൾ അഭിപ്രായപ്പെട്ടത്.
ജനകീയ ഹോട്ടലുകൾ കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തിൽ തുടങ്ങിയവയാണെന്നും നിലവിൽ അത്തരം ഭീഷണിയല്ലാതായതിനാൽ സബ്സിഡി അനന്തമായി തുടരാനാകില്ലെന്നും സർക്കാർ വില നിയന്ത്രണം ഒഴിവാക്കി ലാഭകരമായ നിരക്കിൽ സംരംഭങ്ങൾ തുടർന്നുപോകുന്നതിന് അവസരമൊരുക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ സംബന്ധിച്ച വിശദ ശിപാർശ സമർപ്പിക്കാൻ കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടറോട് തദ്ദേശ സ്വയംഭരണ മന്ത്രി നിർദേശിച്ചാണ് യോഗം അവസാനിച്ചത്.
പുറത്ത് ഹോട്ടലുകളിൽ 60 രൂപക്ക് ഊണ് നൽകുമ്പോൾ ജനകീയ ഹോട്ടലുകളിൽ 20രൂപയാണ്. പാർസലിന് 25 രൂപയും ഈടാക്കും. ശരാശരി 200 ഊണ് വരെ ഓരോ ഹോട്ടലിലും പ്രതിദിനം വിറ്റുപോകുന്നുണ്ട്. നിലവിൽ ഊണ് ഒന്നിന്ന് 10 രൂപയാണ് സർക്കാർ സബ്സിഡി. മാസങ്ങളായി സബ്സിഡി മുടങ്ങുന്ന സാഹചര്യമാണ്. ഇതിനെത്തുടർന്ന് അനവധി ജനകീയ ഹോട്ടലുകൾ പൂട്ടി. സബ്സിഡി കൂടി നിർത്തുന്നതോടെ കൂടുതൽ ഹോട്ടലുകൾക്ക് പൂട്ടുവീഴും.
കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. മുറിവാടകയും വൈദ്യുതി - വെള്ള ചാർജുകൾ ഗ്രാമപഞ്ചായത്താണ് വഹിക്കുന്നത്. എങ്കിൽപോലും വിലക്കയറ്റം മൂലം ജനകീയ ഹോട്ടലുകൾക്ക് നിലവിലെ സാഹചര്യത്തിൽപോലും സുഗമമായി പ്രവർത്തിക്കാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.