ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീക്കം; ഭൂപതിവ് ചട്ടലംഘനത്തിൽനിന്ന് തലയൂരാൻ വഴിതേടി സർക്കാർ
text_fieldsആലപ്പുഴ: ഭൂപതിവ് ചട്ടം ലംഘിച്ച് നടക്കുന്ന നിർമാണങ്ങളുടെ അനുമതി റദ്ദാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സർക്കാർ നീക്കം. സുപ്രീംകോടതി വിലക്കിയശേഷം നിർമാണം തുടങ്ങുകയോ അനുമതി നൽകുകയോ ചെയ്തവയുടെ കാര്യത്തിലാണിത്.
ചട്ടപ്രകാരം നിയന്ത്രണം സംസ്ഥാനത്താകെ ബാധകമാക്കിയെന്ന് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം ശരിയല്ലെന്നും സർക്കാർ വീഴ്ചവരുത്തിയെന്നും ചൂണ്ടിക്കാട്ടിയ ഹരജിയിൽ കോടതിയലക്ഷ്യ നടപടികളിൽനിന്ന് തലയൂരാനാണിത്. കെട്ടിടത്തിന് നൽകിയ കൈവശാവകാശ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ തരം രേഖപ്പെടുത്താതെ കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെയാകും നടപടി.
ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച പട്ടയഭൂമി കൃഷി ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിച്ച കേസുകളിൽ കർശന നടപടി ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്നതിനൊപ്പം മാപ്പപേക്ഷയും ഹൈകോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന. അതിജീവന പോരാട്ടവേദി സമർപ്പിച്ച ഹരജിയിലാണ് ചട്ടലംഘനമുണ്ടായിട്ടില്ലെന്ന് സ്റ്റേറ്റ് അറ്റോണി രേഖാമൂലം മറുപടി നൽകിയത്.
കൂടുതൽ തെളിവ് സഹിതം ഹരജിക്കാർ സമീപിച്ചതോടെ ബുധനാഴ്ച നേരിട്ട് ഹാജരാകാൻ ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരോട് ഹൈകോടതി നിർദേശിച്ച പശ്ചാത്തലത്തിലാണ് നീക്കം. അപ്പീൽ സാധ്യതയില്ലാത്ത കേസിൽ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തുന്നത് അസാധാരണ നടപടിയാണെന്നിരിക്കെ, കരുതലോടെയാണ് സർക്കാർ നീക്കം.
2016ൽതന്നെ ഭൂപതിവ് ചട്ടം ലംഘിച്ച എല്ലാ നിർമിതികളും ഹൈകോടതി സിംഗിൾ ബെഞ്ച് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളജും എ.കെ.ജി സെൻററും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട എൽ.എ പട്ടയത്തിൽ ഉൾപ്പെട്ടതാണ്. ഭൂപതിവ് ചട്ടത്തിൽ മാറ്റം വരുത്തുന്നതടക്കം പരിഗണിച്ച് പരിഹാരം കാണാമെന്നിരിക്കെ നിയമവിരുദ്ധ നടപടി പ്രോത്സാഹിപ്പിക്കുന്ന നയത്തെ നേരത്തേ കോടതി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.