ചലച്ചിത്ര അക്കാദമിയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വീണ്ടും നീക്കം
text_fieldsതിരുവനന്തപുരം: പിൻവാതിൽ വഴി സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെത്തിയ കരാർനിയമനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം വീണ്ടും. കരാർ, ദിവസവേതനാടിസ്ഥാനത്തിൽ 10 വർഷം പൂർത്തിയാക്കിയ റെക്കോഡ് കീപ്പർ, റിസപ്ഷനിസ്റ്റ്, ഹൗസ് കീപ്പിങ് അറ്റൻഡൻറ്, പ്രൊജക്ഷനിസ്റ്റുകൾ അടക്കം ആറുപേരെയാണ് സ്ഥിരപ്പെടുത്തണമെന്ന് അക്കാദമി ഭരണസമിതി സർക്കാറിനോട് ആവശ്യപ്പെട്ടത്.
ഇതുസംബന്ധിച്ച് കത്ത് അക്കാദമി സെക്രട്ടറി, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജിന് കൈമാറി. പുതുതായി തസ്തിക സൃഷ്ടിച്ചാണ് ഇവരെ നിയമിക്കാൻ ഒരുങ്ങുന്നത്. ഇതുമൂലമുള്ള അധികസാമ്പത്തിക ബാധ്യതയെ സംബന്ധിച്ച് സാംസ്കാരിക വകുപ്പ് അഡീഷനൽ സെക്രട്ടറി അക്കാദമിയോട് ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നൽകിയിട്ടില്ല.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലടക്കം പേര് രജിസ്റ്റർ ചെയ്ത് വർഷങ്ങളായി പതിനായിരങ്ങൾ തൊഴിൽ കാത്ത് നിൽക്കുമ്പോഴാണ് സി-ഡിറ്റിലും കിലയിലും കെൽട്രോണിനും പിന്നാലെ ചലച്ചിത്ര അക്കാദമിയിലും സ്ഥിരപ്പെടുത്തലിന് അരങ്ങൊരുങ്ങിയിരിക്കുന്നത്. അക്കാദമിയുടെ ഇടതുപക്ഷ അനുഭാവം നിലനിർത്തുന്നതിന് ഇടതുപക്ഷ സ്വഭാവമുള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചെയർമാനും സംവിധായകനുമായ കമൽ സംസ്ഥാന സാംസ്കാരിക വകുപ്പിന് അയച്ച കത്ത് നേരത്തേ വിവാദമായിരുന്നു.
ഡെപ്യൂട്ടി ഡയറക്ടർ ഫെസ്റ്റിവൽ, പ്രോഗ്രാം മാനേജർ ഫെസ്റ്റിവൽ, ഡെപ്യൂട്ടി ഡയറക്ടർ പ്രോഗ്രാംസ്, പ്രോഗ്രാം മാനേജർ പ്രോഗ്രാംസ് എന്നീ തസ്തികകളിൽ നാലരവർഷം പൂർത്തിയാക്കി ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ആവശ്യം. കമലിെൻറ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പുറത്തുവിട്ടതോടെ ഇൗ നീക്കം പൊളിയുകയായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ അവസാനകാലത്തും പിണറായി സർക്കാറിെൻറ തുടക്കത്തിലും അക്കാദമിയിൽ 10 വർഷം പൂർത്തിയാക്കിയ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. അതേ മാനദണ്ഡം മാത്രമാണ് ആറു ജീവനക്കാരുടെ കാര്യത്തിലും തുടരുന്നതെന്നാണ് അക്കാദമിയുടെ പക്ഷം.
എന്നാൽ, ഇപ്പോൾ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചവരിൽ ചിലരെ അക്കാദമിതന്നെ കരാർ അവസാനിപ്പിച്ച് നേരത്തേ പറഞ്ഞുവിടുകയും പിന്നീട് രാഷ്്ട്രീയ സമർദത്തെ തുടർന്ന് വീണ്ടും ജോലിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.