വൻകിടക്കാർ തട്ടിയെടുത്ത ഭൂമി തിരിച്ചു പിടിക്കാൻ നീക്കം
text_fieldsകൊച്ചി: കുടിയാൻ പട്ടയത്തിന്‍റെ പേരിൽ വൻകിട കമ്പനികൾ കൈയടക്കിയ ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി റവന്യൂ വകുപ്പ്. കുടിയാൻ പട്ടയങ്ങളിലൂടെ വൻതോതിൽ ഭൂമി സ്വന്തമാക്കിയ കമ്പനികളെ കണ്ടെത്താൻ റവന്യൂ വകുപ്പ് എല്ലാ ജില്ല കലക്ടർമാർക്കും നിർദേശം നൽകി.
ഇതിനായുള്ള വ്യവസ്ഥകളും തയാറാക്കി നൽകിയിട്ടുണ്ട്. ഭൂപരിഷ്കരണ നിയമം വന്നിട്ടും കർഷക തൊഴിലാളികൾക്ക് ഭൂമി ലഭിക്കാതെ പോയതിന്‍റെ പ്രധാന കാരണം കുടിയാൻ പട്ടയങ്ങൾ വൻകിട കമ്പനികൾ കൈയടക്കിയതാണ്. ഇതിൽ തിരുത്തൽ വരുത്തുന്ന നടപടിക്കാണ് നീക്കം. ജന്മിമാരുടെ ഭൂമിയുടെ ഉടമസ്ഥത പാട്ടക്കാരായ കമ്പനികൾക്ക് നൽകി തഹസിൽദാർമാരും ലാൻഡ് ട്രൈബ്യൂണലുകളും ഉത്തരവിറക്കിയാണ് നിയമം അട്ടിമറിച്ചത്.
ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 59(2) പ്രകാരം തഹസിൽദാർമാരിൽനിന്നോ ലാൻഡ് ട്രൈബ്യൂണലുകളിൽനിന്നോ 1970 ജനുവരി ഒന്നുവരെ ക്രയ സർട്ടിഫിക്കറ്റ് നേടാത്ത ഭൂമി, അനധികൃത കൈവശം വെക്കലായി കണ്ട് കേസ് ഫയൽ ചെയ്യാനാണ് നിർദേശം. 1970 ജനുവരി ഒന്നിന് മുമ്പ് സർട്ടിഫിക്കറ്റ് നേടാത്തവർക്ക് രണ്ട് വർഷം കൂടി സമയം അനുവദിച്ചിരുന്നു. എന്നാൽ, മിക്ക കമ്പനികളും ക്രയസർട്ടിഫിക്കറ്റുകൾ നേടിയത് സമയപരിധി കഴിഞ്ഞാണ്. അവയിൽ തന്നെ ഭൂരിഭാഗവും വിദേശകമ്പനികളുമാണ്.
സമയപരിധിക്കുശേഷം അത്തരം ഭൂമിയുടെ ഉടമസ്ഥത സർക്കാറിൽ നിക്ഷിപ്തമായിരുന്നു എന്നാണ് റവന്യൂ വകുപ്പിന്‍റെ വാദം. തോട്ടഭൂമിയിൽ സീലിങ് പരിധിയായ 15 ഏക്കറിൽ കൂടുതൽ ഉണ്ടെങ്കിൽ അത് സർക്കാറിൽ നിക്ഷിപ്തമാക്കണമെന്ന് സെക്ഷൻ 85(3) അനുശാസിക്കുന്നു. ഇതിന് വിരുദ്ധമായി ആയിരക്കണക്കിന് ഏക്കർ ഭൂമി കമ്പനികൾ കൈവശം വെക്കുന്നുവെന്ന് കലക്ടർമാർക്ക് നൽകിയ കുറിപ്പിൽ പറയുന്നു. നിർദിഷ്ട ശബരിമല വിമാനത്താവളം ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റിലടക്കം കുടിയാൻ പട്ടയം നേടിയ 763.11 ഏക്കർ ഭൂമിയുണ്ട്.
എരുമേലി പശ്ചിമ ദേവസ്വത്തിന്‍റെ കുടിയാൻ എന്ന നിലയിൽ ഇത്രയും ഭൂമിക്ക് അന്ന് ക്രയ സർട്ടിഫിക്കറ്റ് നൽകിയത് കോട്ടയം ലാൻഡ് ട്രൈബ്യൂണൽ സ്പെഷൽ മുൻസിഫാണ്. മലയോര മേഖലയിലാണ് കുടിയാൻ പട്ടയങ്ങൾ ഏറെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.