‘മൂവ്മെന്റ് ഓഫ് സെക്യുലർ കോഓഡിനേഷൻ’; ഇടത് അനുഭാവികളുടെ രാഷ്ട്രീയ കൂട്ടായ്മക്ക് നീക്കം
text_fieldsകോഴിക്കോട്: ഐ.എൻ.എൽ വഹാബ് വിഭാഗവും പി.ടി.എ. റഹീമിന്റെ നേതൃത്വത്തിൽ രൂപംനൽകിയ നാഷനൽ സെക്യുലർ കോൺഫറൻസും (എൻ.എസ്.സി) മുസ്ലിം ലീഗിൽനിന്ന് വിവിധ കാരണങ്ങളാൽ പുറത്തുപോയവരും ചേർന്ന് പുതിയ കൂട്ടായ്മ രൂപപ്പെടുത്തുന്നു.
‘മൂവ്മെന്റ് ഓഫ് സെക്യുലർ കോഓഡിനേഷൻ’ എന്ന പേരിൽ തിങ്കളാഴ്ച നടത്തുന്ന ഫലസ്തീൻ കാമ്പയിനാണ് കൂട്ടായ്മയുടെ ആദ്യപരിപാടി. തുടർന്നും സഹകരണം വികസിപ്പിച്ച് പുതിയ സംഘടനയായി രംഗത്തുവരാനാണ് ആലോചന.
പി.ടി.എ. റഹീം എം.എൽ.എയും മുസ്ലിം ലീഗിൽനിന്ന് പുറത്താക്കപ്പെട്ട കെ.എസ്. ഹംസയുമാണ് പുതിയ രാഷ്ട്രീയനീക്കത്തിന് ചുക്കാൻപിടിക്കുന്നത്. പി.ഡി.പിയെയും കൂട്ടായ്മയിലേക്ക് കൊണ്ടുവരാൻ ശ്രമംനടത്തുന്നുണ്ട്. എന്നാൽ, പി.ഡി.പി നേതൃത്വം ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല.
പി.ടി.എ. റഹീമിന്റെ നാഷനൽ സെക്യുലർ കോൺഫറൻസ് ഐ.എൻ.എല്ലിൽ ലയിച്ചിരുന്നെങ്കിലും ഐ.എൻ.എല്ലിൽ ഉടലെടുത്ത വിഭാഗീയതയും പ്രശ്നങ്ങളും കാരണം ലയനം പ്രാവർത്തികമായിരുന്നില്ല. ഇതിനിടയിലാണ് ഐ.എൻ.എൽ പിളർന്നതും വഹാബ് വിഭാഗവും ദേവർകോവിൽ വിഭാഗവും വെവ്വേറെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയതും.
ഇടത് മന്ത്രിസഭയിൽ അംഗമായിട്ടും ഐ.എൻ.എല്ലിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം അനുകൂല അന്തരീക്ഷം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ പാർട്ടിക്കായില്ല. ഇരുവിഭാഗങ്ങൾ തമ്മിലെ പ്രശ്നങ്ങൾ കോടതി കയറിയ അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് പുതിയ കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ ഐ.എൻ.എൽ വഹാബ് വിഭാഗത്തിന്റെ കൂടി പങ്കാളിത്തം.
സമസ്തയിലെ ലീഗ് വിരുദ്ധരുടെ പരോക്ഷ പിന്തുണയും കാന്തപുരം വിഭാഗത്തിന്റെ കേരള മുസ്ലിം ജമാഅത്തിന്റെ സഹകരണവും ഇവർക്കുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിങ്കളാഴ്ച കോഴിക്കോട് നടത്തുന്ന ഫലസ്തീൻ പരിപാടിയിൽ സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിയും കേരള മുസ്ലിം ജമാഅത്ത് നേതാവ് ഖലീലുൽ ബുഖാരി തങ്ങളും മുജാഹിദ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ഹരിത വിഷയത്തിൽ പുറത്താക്കപ്പെട്ട എം.എസ്.എഫ് നേതാവ് ലത്തീഫ് തുറയൂരിന്റെ നേതൃത്വത്തിലുള്ളവരും നിലവിൽ കൂട്ടായ്മയുമായി സഹകരിക്കുന്നുണ്ട്. കൂട്ടായ്മ ഔദ്യോഗികമായി നിലവിൽ വരുന്നതോടെ മുസ്ലിം ലീഗിൽനിന്നുള്ള കൂടുതൽ അതൃപ്തരെ ആകർഷിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇടതു മുന്നണിയിൽ ന്യൂനപക്ഷ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന വിധം കൂട്ടായ്മ വികസിപ്പിക്കാനാണ് അണിയറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.