ഗ്യാസ് തുറന്നുവിട്ടു, കത്തി വീശി, ഞരമ്പ് മുറിച്ചു; സ്വർണക്കടത്ത് സംഘം തട്ടിക്കൊട്ടുപോയ യുവാവിനെ പൊലീസ് അന്വേഷിക്കുന്നതിനിടെ സിനിമ സ്റ്റൈൽ രംഗങ്ങൾ
text_fieldsപേരാമ്പ്ര: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ തെരഞ്ഞ് പൊലീസ് എത്തിയപ്പോൾ അരങ്ങേറിയത് സിനിമസ്റ്റൈൽ രംഗങ്ങൾ. മൂന്നാഴ്ചയായി കാണാതായ പന്തിരിക്കര സ്വദേശി മുത്തു എന്ന ഇര്‍ഷാദിനെ (26) അന്വേഷിക്കുന്നതിനിടെയാണ് സംഭവം. മുത്തുവിന്റെ ശബ്ദസന്ദേശത്തില്‍ പരാമര്‍ശിച്ച കടിയങ്ങാട് സൂപ്പിക്കടയിലെ മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീര്‍ എന്ന വരാങ്കി ഷമീറാണ് പൊലീസിനെ കത്തിമുനയിൽ നിർത്തി രക്ഷപ്പെട്ടത്.
കേസിന്റെ അന്വേഷണാർഥം വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് പെരുവണ്ണാമൂഴി എസ്.എച്ച്.ഒ കെ. സുഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഷമീറിന്റെ വീട്ടിലെത്തിയത്. ഷമീര്‍ വീട്ടിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിടുകയും കത്തിയുമായി ഭീഷണി മുഴക്കുകയുമായിരുന്നു. കത്തി ഉപയോഗിച്ച് കൈമുറിച്ച് ആത്മഹത്യ ഭീഷണിയും മുഴക്കി. ഈ സമയം ഷമീറിന്റെ മാതാവും ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.
പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ പി. വിനോദിന്റെ നേതൃത്വത്തില്‍ രണ്ടു യൂനിറ്റ് ഇവിടെ എത്തി. ഇതിനിടെ, ഷമീര്‍ വീടിന്റെ പിറകുവശത്തുകൂടി ഓടിരക്ഷപ്പെടുകയും ചെയ്തു. അഗ്നിരക്ഷാസേന എത്തി വീട്ടിനുള്ളിലെ സിലിണ്ടറുകള്‍ എടുത്ത് പുറത്തെത്തിച്ച് ചോർച്ച അടച്ചു. സിലിണ്ടറുകള്‍ രണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷമീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
തട്ടിക്കൊണ്ടുപോയവർ അയച്ചത് ഇര്‍ഷാദിന്റെ ഇരു കൈകളും കെട്ടിയിട്ട ഫോട്ടോ
ഇര്‍ഷാദ് ഈ മാസം ആദ്യം മുതൽ സ്വർണക്കടത്തുകാരുടെ കസ്റ്റഡിയിലെന്ന് കാണിച്ച് ബന്ധുക്കൾ പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയിരുന്നു. ഇരു കൈകളും കെട്ടിയിട്ട നിലയിലുള്ള ഫോട്ടോയും ഭീഷണി സന്ദേശങ്ങളും അയച്ചത് ബന്ധുക്കൾ പൊലീസിനു കൈമാറി.
ജൂലൈ എട്ടിനാണ് വീട്ടുകാര്‍ക്ക് ഇവരുടെ ആദ്യ ഭീഷണി വന്നത്. നിങ്ങളുടെ മകന്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്നും അവനെ ജീവനോടെ വേണമെങ്കില്‍ തങ്ങള്‍ക്ക് നഷ്ടമായ സ്വര്‍ണത്തിന്റെ പണം തിരികെ തരണമെന്നുമായിരുന്നു ഭീഷണി. കൊടുവള്ളി സ്വദേശിയായ നാസര്‍ എന്നയാളാണ് വിളിക്കുന്നതെന്ന് ഇര്‍ഷാദിന്റെ മാതാവ് നഫീസ പറഞ്ഞു.
വിദേശത്ത് ജോലിയാവശ്യാർഥം പോയ ഇര്‍ഷാദ് മേയ് 14നാണ് നാട്ടിലെത്തിയത്. അടുത്ത ദിവസംതന്നെ യുവാവിനെ കാണാതാവുകയും രക്ഷിതാക്കളുടെ പരാതിയില്‍ പെരുവണ്ണാമൂഴി പൊലീസ് അന്വേഷിച്ച് 16ന് വീടിന് സമീപംവെച്ച് ഇയാളെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്തതാണ്. തുടർന്ന് പത്തനംതിട്ട സ്വദേശിനിയുടെ സ്വര്‍ണം ഇര്‍ഷാദിന്റെ വശം ഉണ്ടെന്ന ആരോപണവുമായി ഒരു സംഘം വീട്ടിലെത്തി. അത് മധ്യസ്ഥര്‍ ഇടപെട്ട് പറഞ്ഞുതീർക്കുകയായിരുന്നു. മെയ് 23ന് വീട്ടില്‍നിന്ന് പോയ ഇര്‍ഷാദ് രണ്ടുദിവസം അത്തോളി പറമ്പത്തെ ഭാര്യവീട്ടിലായിരുന്നു.
അവിടെനിന്ന് വയനാട്ടിലേക്ക് ജോലിക്കെന്നു പറഞ്ഞ് പോയ ഇര്‍ഷാദിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് ഭീഷണിസന്ദേശങ്ങൾ ഭാര്യക്കും മാതാവിനും വന്നത്. പൊലീസില്‍ അറിയിച്ചാല്‍ മകനെ കൊന്നുകളയുമെന്ന ഭീഷണി ഭയന്നാണ് ഇവര്‍ ഇതുവരെ പരാതി നല്‍കാതിരുന്നത്. ഇതിനിടയില്‍ ഇര്‍ഷാദിനെ കെട്ടിയിട്ട് മർദിച്ചവശനാക്കിയ നിലയിലുള്ള ഫോട്ടോ ഇവര്‍ക്ക് അയച്ചുകൊടുത്തിരുന്നു.
ഇതോടെയാണ് ഭീഷണിയുണ്ടായിട്ടും വെള്ളിയാഴ്ച പൊലീസിന് പരാതി നല്‍കിയത്. വയനാട്, മലപ്പുറം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് ഊർജിത അന്വേഷണം നടത്തിവരുകയാണ്. അബദ്ധം പറ്റിയെന്നും സ്വര്‍ണം യഥാർഥ ഉടമക്ക് കൈമാറാന്‍ മറ്റു മൂന്നുപേരെ ഏൽപിച്ചതാണെന്നും കബീര്‍, ഷമീര്‍, റഷാദ് എന്നിവര്‍ ചേര്‍ന്ന് തന്നെ കബളിപ്പിച്ചതാണെന്നും ഇര്‍ഷാദ് വീട്ടുകാര്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. രണ്ടുവര്‍ഷക്കാലം സൗദിയിലും കുവൈത്തിലും ഡ്രൈവറായി ജോലി ചെയ്ത ഇര്‍ഷാദ് ദുബൈയില്‍ ജോലി ആവശ്യാർഥം പോയി മൂന്നു മാസത്തിനുശേഷം തിരിച്ചുവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.