എം.പി സ്ഥാനം ജനങ്ങൾ തെരഞ്ഞെടുത്ത പദവി; അത് അമ്മാനമാടാനുള്ളതല്ല -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: പുനഃസംഘടനയുമായി ബന്ധപ്പെട്ട് തന്നോട് ആരും കൂടിയാലോചന നടത്തിയിട്ടില്ലെന്ന് കെ. മുരളീധരൻ. ആലോചിക്കത്തക്ക വിധം പ്രാധാന്യമില്ലാത്ത ആളാണ് താനെങ്കിൽ അതിൽ പരാതിയുമില്ല. വിഴുപ്പലക്കലിന് താനില്ലെന്നും മുരളീധരൻ പറഞ്ഞു. യു.ഡി.എഫിന് അനുകൂലമായ സാഹചര്യങ്ങളുണ്ട്. അത് വേണ്ട വിധം വിനിയോഗിച്ചാൽ മുന്നണിക്ക് ജയിക്കാൻ സാധിക്കും. എന്നാൽ പോരായ്മകൾ ചൂണ്ടിക്കാണിക്കേണ്ട ചുമതലയുണ്ട്. പാർട്ടി വേദിയുണ്ടെങ്കിൽ അവിടെ ചൂണ്ടിക്കാണിക്കും. യു.ഡി.എഫ് സമരം അവസാനിപ്പിച്ചിട്ടില്ലെന്നാണറിയുന്നത്. ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കിക്കൊണ്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള സമരം ചെയ്യാനാണ് തീരുമാനം. എന്നാൽ ഇത് വാർത്തയായപ്പോൾ സമരങ്ങൾ തന്നെ ഒഴിവാക്കിയെന്ന പ്രതീതിയാണ് വന്നതെന്നും മുരളീധരൻ പറഞ്ഞു.
എം.പി സ്ഥാനം ജനങ്ങൾ തെരഞ്ഞെടുത്ത പദവിയാണ്. അത് അമ്മാനമാടാനുള്ളതല്ല. ജനങ്ങൾ പോളിങ് ബൂത്തിൽ പോയി വരി നിന്ന് ഒരാളെ വിജയിപ്പിക്കുന്നത് ആ വ്യക്തിയിലുള്ള വിശ്വാസം കൊണ്ടാണ്. അത് പാർട്ടി സ്ഥാനങ്ങൾക്ക് വേണ്ടി വലിച്ചെറിയാനുള്ളതല്ല. ഇനിയുള്ള നാല് വർഷവും എം.പി സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രചരണ സമിതി ചെയർമാൻ സ്ഥാനം രാജി വെച്ചത് വലിയ പ്രശ്നമാക്കേണ്ട കാര്യമില്ല. തന്നെ നിയോഗിച്ചത് ഹൈകമാൻഡ് ആയതിനാൽ ഹൈകമാൻഡിന് രാജി നൽകുകയായിരുന്നു. പ്രചരണ സമിതിയുടെ ചെയർമാൻ എന്ന നിലക്ക് അനുവദിച്ചു കിട്ടിയ മുറി ഇന്നത്തോടെ ഒഴിയും. പരാതി പറയുന്ന ശീലം താൻ നിർത്തി. എല്ലാത്തിൻെറയും അവസാനം പാപഭാരം തൻെറ തലയിലിടാൻ നോക്കേണ്ട. അതുകൊണ്ട് പരാതിയില്ല. പരാതിയില്ലാത്തതിനാലാണ് കെ.പി.സി.സി അധ്യക്ഷനെ അങ്ങോട്ട് പോയി കാണാത്തത്. അദ്ദേഹം കാണണമെന്ന് ആവശ്യപ്പെട്ടാൽ ഏത് സമയത്തും താൻ അങ്ങോട്ട് പോകും. അധ്യക്ഷൻ എന്ന നിലയിൽ മാത്രമല്ല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന വ്യക്തിയുമായി തനിക്ക് ബന്ധവും കടപ്പാടുമുണ്ട്. കെ. കരുണാകരൻെറ സഹായം കൊണ്ട് വന്നവർ അദ്ദേഹത്തോട് നന്ദികേട് കാണിച്ചതുപോലെ താൻ ഒരിക്കലും മുല്ലപ്പള്ളി രാമചന്ദ്രനോട് നന്ദികേട് കാണിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
കെ.കരുണാകരൻ ജീവിച്ചിരുന്ന കാലത്ത് അഞ്ച് രൂപ അംഗത്വത്തിന് വേണ്ടി വരി നിന്നപ്പോൾ പലരും വാതിലടച്ചു. കെ. കരുണാകരൻ പോലും മാനസികമായി ഏറെ സംഘർഷം അനുഭവിച്ചപ്പോൾ തന്നെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ശക്തമായ നിലപാടെടുത്ത ആളാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആ നന്ദിയും കടപ്പാടും തനിക്ക് എന്നും അദ്ദേഹത്തിനോടുണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.