മലപ്പുറത്തേത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വൺ വകഭേദം; ഇന്ത്യയിൽ സ്ഥിരീകരിക്കുന്നത് ആദ്യം
text_fieldsമലപ്പുറം: മലപ്പുറത്ത് യുവാവിന് സ്ഥിരീകരിച്ചത് എംപോക്സിന്റെ ക്ലേഡ് വൺ ബി വകഭേദമെന്ന് റിപ്പോർട്ട്. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദത്തിന് താരതേമ്യന വ്യാപനശേഷി കൂടുതലാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലേഡ് ഒന്ന് വകഭേദം മറ്റുള്ള വിഭാഗങ്ങളേക്കാൽ കൂടുതൽ രോഗശേഷി ഉള്ളവയാണ്. അപകട സാധ്യത ഒരു ശതമാനം മുതൽ 10വരെയാണ്. കോംഗോയിൽ കണ്ടെത്തിയ ക്ലേഡ് ഒന്നിന്റെ ഒരു ഉപവിഭാഗമാണ് ക്ലേഡ് ഒന്ന് ബി. ഇവയുടെ രോഗപ്രസരണ ശേഷിയെ കുറിച്ചും രോഗശേഷിയെ കുറിച്ചും കൂടുതൽ പഠനങ്ങൾ നടന്നിട്ടില്ല. മനുഷ്യർക്കിടയിലെ രോഗവ്യാപന ഫലമായുള്ള ജനിതക മാറ്റമാണ് ഈ വകഭേദത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
2022 ലെ രോഗവ്യാപനത്തിന് മുമ്പ്, എംപോക്സ് ആഫ്രിക്കയുടെ മാത്രം പ്രാദേശിക പ്രശ്നമായിരുന്നെന്നാണ് പൊതുജനാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ, രോഗത്തേയും രോഗവ്യാപനത്തേയും കുറിച്ചുള്ള ആഫ്രിക്കൻ രാജ്യങ്ങളുടെ ആശങ്കകളും മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടു. ഇതാണ് ഗവേഷണ പ്രവർത്തനങ്ങൾ കുറയാൻ കാരണം. മാത്രമല്ല, ഇത് ഔഷധനിർമാണം, വാക്സിൻ വികാസം, രോഗനിരീക്ഷണം എന്നിവയെ പ്രതികൂലമായി ബാധിച്ചു. ഒരു മേഖലയുടെ പ്രശ്നം മാത്രമായി അവഗണിച്ചതായിരിക്കാം ക്ലേഡ് ഒന്ന് ബിയുടെ ആവിർഭാവത്തിനും, വ്യാപനത്തിനും കാരണമെന്നാണ് കണക്കാക്കുന്നത്.
ദുബൈയിൽനിന്ന് സെപ്റ്റംബർ 13ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ചാത്തല്ലൂർ സ്വദേശിയായ 38കാരനാണ് എംപോക്സ് ക്ലേഡ് വൺ ബി സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിദേശത്തുനിന്ന് എത്തുന്നവർ ഉൾപ്പെടെ രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
എംപോക്സ് ചികിത്സ: പുതുക്കിയ മാർഗനിർദേശം പുറത്തിറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്സ് പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സക്കും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും. തിങ്കളാഴ്ച ചേർന്ന സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ അഞ്ച് ലാബുകളില്‍ പരിശോധസൗകര്യമുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ സൗകര്യങ്ങളൊരുക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.