എം.പി.എസ്.എഫ്: ആളെ കുറച്ച് അനുരഞ്ജനത്തിന് എസ്.ബി.ഐ ശ്രമം
text_fieldsതൃശൂർ: ബാങ്കിന്റെ ഇൻഷുറൻസും മ്യൂച്വൽ ഫണ്ടും പോലുള്ള ഉൽപന്നങ്ങൾ വിൽക്കാൻ മാത്രമായി രൂപവത്കരിച്ച ‘മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സി’ലേക്ക് (എം.പി.എസ്.എഫ്) 1294 ക്ലറിക്കൽ ജീവനക്കാരെ ഒറ്റയടിക്ക് മാറ്റിയ നടപടിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റ് അനുരഞ്ജനത്തിന്. കേരള സർക്കിളിൽ മാത്രം നടപ്പാക്കിയ ഈ പരിഷ്കാരത്തിൽ ബാങ്ക് ചെയർമാന്റെയും എം.ഡിയുടെയും മറ്റും നിർദേശപ്രകാരമാണ് മാറ്റം വരുത്താൻ ശ്രമം നടക്കുന്നതെന്നറിയുന്നു. 300-400 പേരെ എം.പി.എസ്.എഫിൽതന്നെ നിലനിർത്തി മറ്റുള്ളവരെ ക്ലറിക്കൽ വിഭാഗത്തിലേക്ക് തിരിച്ചയക്കാനാണ് ആലോചന.
ഇതിന്റെ ഭാഗമായി 1294 പേരുടെ പിൻവലിക്കപ്പെട്ട ഇടപാടുകൾ നടത്താനുള്ള അവകാശം തിരിച്ച് നൽകുന്നുണ്ട്. എം.പി.എസ്.എഫിലേക്ക് മാറ്റിയവരിൽ ഭിന്നശേഷിക്കാരും സ്ത്രീകളും ഉണ്ടായിരുന്നു. ഇത്തരക്കാരെ ശാഖകളിൽ ക്ലറിക്കൽ (കൗണ്ടർ) സേവനത്തിൽതന്നെ നിലനിർത്താനാണ് ആലോചനയത്രെ.
വിവിധ സംഘടനകൾ പ്രക്ഷോഭം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് മനംമാറ്റം. അതിപുലരി, ആൾ ശേഷി കുറച്ചിട്ടാണെങ്കിലും എം.പി.എസ്.എഫ് നടപ്പാക്കണം എന്ന തീരുമാനത്തിലാണ് മാനേജ്മെന്റ് ഇത്തരമൊരു സമവായത്തിന് തയാറാവുന്നത് എം.പി.എസ്.എഫ് നടപ്പാക്കിയതിലൂടെ എസ്.ബി.ഐയിൽ സംജാതമായ പ്രശ്നങ്ങൾ ഉന്നയിച്ച് വിവിധ സംഘടനകൾ സമരപ്പാതയിലാണ്.
സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂനിയൻ കേരള സർക്കിൾ പ്രശ്നം വിവരിക്കുന്ന നോട്ടീസ് ജോലി സമയം കഴിഞ്ഞ് ജനങ്ങൾക്ക് നൽകുന്നുണ്ട്. എം.പി.എസ്.എഫ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ തൊടുപുഴ ആർ.ബി.ഒക്ക് മുന്നിൽ കഴിഞ്ഞ ദിവസം ധർണ നടത്തിയ എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ഈ മാസം 24ന് ജില്ല കേന്ദ്രങ്ങളിൽ ധർണ അടക്കമുള്ള തുടർ പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അടുത്ത മാസം 24ന് കേരള സർക്കിളിൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസേഴ്സ് അസോസിയേഷൻ കേരള സർക്കിൾ എം.പി.എസ്.എഫിന്റെ കാര്യത്തിൽ പുനരാലോചന വേണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ചീഫ് ജനറൽ മാനേജർക്ക് കത്ത് നൽകിയപ്പോൾ മറ്റൊരു ഓഫിസർ സംഘടനയായ ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ ഈ പദ്ധതിക്ക് അനുകൂലമാണെന്ന് ധ്വനിപ്പിക്കുന്ന സർക്കുലറാണ് അംഗങ്ങൾക്കിടക്ക് പ്രചരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.