എം.ആർ അജിത് കുമാര്‍ അവധി അപേക്ഷ പിന്‍വലിച്ചു; നീക്കം എൽ.ഡി.എഫ് യോഗം ചേരാനിരിക്കെ
text_fieldsതിരുവനന്തപുരം: വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ അവധി അപേക്ഷ പിന്‍വലിച്ച് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. ബുധനാഴ്ച എൽ.ഡി.എഫ് യോഗം ചേരാനിരിക്കെയാണ് ചൊവ്വാഴ്ച രാത്രിയോടെ അപേക്ഷ പിൻവലിക്കൽ. യോഗത്തിൽ എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട വിവാദങ്ങളടക്കം ചർച്ചയാകുമെന്നാണ് കരുതുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി എ.ജി.ഡി.പി ശനിയാഴ്ച മുതല്‍ അവധിയില്‍ പ്രവേശിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. നാലു ദിവസത്തേക്കാണ് അവധി അപേക്ഷ നല്‍കിയിരുന്നതെങ്കിലും നീട്ടിയേക്കുമെന്നും സൂചനയുണ്ടായിരുന്നു.
പൊലീസ് തലപ്പത്ത് സര്‍ക്കാര്‍ അഴിച്ചുപണികള്‍ നടത്തിയതിന് പിന്നാലെയാണ് അജിത് കുമാര്‍ അവധി പിന്‍വലിച്ച വിവരം പുറത്തുവരുന്നത്. നിരവധി ആരോപണങ്ങൾ ഉയർന്ന അജിത്കുമാറിനെതിരെ നടപടിക്ക് വ്യാപക ആവശ്യമുണ്ടായിട്ടും സർക്കാർ ചെവികൊടുത്തിട്ടില്ല. അജിത്കുമാറിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമടക്കം പരസ്യ പ്രതികരണം നടത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. ആർ.എസ്.എസ് നേതാവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നതും അക്കാര്യം അദ്ദേഹം തന്നെ സമ്മതിച്ചതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നും ചോദ്യങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.
പി.വി.അൻവർ എം.എൽ.എ ആരോപണം ഉന്നയിച്ച മലപ്പുറം എസ്.പി എസ്. ശശിധരനെയും ഡിവൈ.എസ്.പിമാരെയും ഉള്‍പ്പെടെ ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് ചൊവ്വാഴ്ച രാത്രി പുറത്തുവന്നിരുന്നു. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് കൂട്ട സ്ഥലംമാറ്റത്തിന് സർക്കാർ തയാറായത്. എന്നാൽ, അൻവർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച അജിത്കുമാറിന് സ്ഥാനചലനമുണ്ടായില്ല. അൻവറിനെ തൽക്കാലത്തേക്ക് തണുപ്പിക്കുക എന്നതാണ് സർക്കാറിന്റെ കൂട്ട സ്ഥലംമാറ്റ നടപടിക്ക് പിന്നിലെന്നും സൂചനയുണ്ട്.
ആരോപണങ്ങൾ ഉയര്‍ന്നപ്പോൾ തന്നെ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുമായി പൊലീസ് മേധാവി നടത്തിയ ചര്‍ച്ചക്ക് ശേഷം അദ്ദേഹത്തെ മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.