എം.ആർ അജിത് കുമാർ ഇനി സിവിൽ റൈറ്റ്‌സ് പ്രൊട്ടക്ഷൻ എ.ഡി.ജി.പി
text_fieldsകൊച്ചി: മുൻ വിജിലൻസ് മേധാവി എം.ആർ അജിത് കുമാറിന് പുതിയ ചുമതല. സിവിൽ റൈറ്റ്‌സ് പ്രൊട്ടക്ഷൻ എ.ഡി.ജി.പിയായാണ് നിയമനം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാൻ ഇടനിലക്കാരനെ അയച്ചെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടർ തസ്തികയിൽനിന്ന് നീക്കിയത്.
എന്നാൽ, പുതിയ തസ്തിക നൽകിയിരുന്നില്ല. ഇപ്പോൾ അപ്രധാന തസ്തികയിലാണ് നിയമനം. പുതിയ വിജിലൻസ് ഡയറക്ടറെ ഇതുവരെ നിയമിച്ചിട്ടില്ല. ഐ.ജി എച്ച്. വെങ്കിടേഷിനാണ് പകരം ചുമതല.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി എം.ആർ അജിത് കുമാർ ഷാജ് കിരണുമായി നിരന്തരം ബന്ധപ്പെട്ടെന്നായിരുന്നു സ്വപ്നയുടെ ആരോപണം. താൻ സംസാരിച്ച കാര്യം അജിത് കുമാർ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച അജിത് കുമാറിനെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ആരോപണങ്ങൾ ഉയർന്നതിനാലാണ് വിജിലൻസ് മേധാവിയെ മാറ്റിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അജിത് കുമാറിനെ ബലിയാടാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.