മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ എം.ആർ അജിത് കുമാറിന് നൽകുന്നത് തടഞ്ഞ് ഡി.ജി.പി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് നൽകുന്നത് തൽക്കാലത്തേക്ക് തടഞ്ഞ് സംസ്ഥാന പൊലീസ് മേധാവി. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണവും ഡി.ജി.പിയുടെ അന്വേഷണവും നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ഉത്തരവ് ലഭിക്കുന്നത് വരെ മെഡൽ വിതരണം ചെയ്യേണ്ടെന്നാണ് നിർദേശം.
നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മെഡൽ വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. അജിത് കുമാറിനെ കൂടാതെ 2018ലും 2024ലും മെഡലിന് അർഹനായ ഡി.വൈ.എസ്.പി അനീഷ് കെ.ജിക്കും മെഡൽ നൽകരുതെന്ന് ഉത്തരവിൽ പറയുന്നു.
സിവിൽ പൊലിസ് ഉദ്യോഗസ്ഥർ മുതൽ എഡിജിപിവരെയുള്ളവരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബർ അന്വേഷണം, ബറ്റാലിയൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുണ്ട്.
രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡൽ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ എസ്.പി. ഹരിശങ്കർ എന്നിവരായിരുന്നു പൊലീസ് മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.