ശബരിമല കോഓഡിനേഷൻ ചുമതല; എം.ആർ. അജിത് കുമാറിനെ നീക്കി
text_fieldsതിരുവനന്തപുരം: ക്രമസമാധാന ചുമതലക്ക് പിന്നാലെ ശബരിമല കോഓഡിനേറ്റർ സ്ഥാനത്തുനിന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ നീക്കി. എ.ഡി.ജി.പി എസ്. ശ്രീജിത്തിനാണ് പകരംചുമതല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കാണ് ശബരിമലയിലെ പൊലീസ് ചീഫ് കോഓഡിനേറ്റർ ഉത്തരവാദിത്തം നൽകാറ്. നിലവിൽ അജിത്കുമാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയല്ല. മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല അവലോകന യോഗത്തിൽനിന്ന് അജിത്‌കുമാറിനെ ഒഴിവാക്കിയിരുന്നു.
നേരത്തെ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയിരുന്നത്. അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദർശിച്ച നടപടിയിൽ ചട്ടലംഘനമുണ്ടായെന്നുമായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തൽ.
എ.ഡി.ജി.പിക്കെതിരെ നടപടി എടുക്കാത്തതിൽ എൽഡിഎഫിൽ തന്നെ വിമർശനം ഉയർന്നിരുന്നു. 2023 മെയ് 22 നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂൺ 2 ന് റാം മാധവുമായും എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃശൂർ പൂരം കലക്കൽ ആരോപണവും എ.ഡി.ജി.പിക്കെതിരെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.